സര്‍വകലാശാലകളില്‍ പ്രവേശന വിലക്ക്: അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ തെരുവില്‍

കാബൂള്‍: രാജ്യത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ വനിതകള്‍ തെരുവില്‍. താലിബാനെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചവര്‍ കസ്റ്റഡിയില്‍.

താലിബാന്റെ മനുഷ്യാവകാശ നിഷേധത്തിന്റെ ഏറ്റവും പുതിയ നീക്കമായിരുന്നു ചൊവ്വാഴ്ച രാജ്യത്തെ പൊതു-സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നു സ്ത്രീകളെ പുറത്താക്കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്. ”അവര്‍ സര്‍വകലാശാലയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയിരിക്കുന്നു. ഇതിനെതിരായ പ്രതിഷേധത്തില്‍ പങ്കാളികളാകൂ. അവകാശങ്ങളില്‍ തുല്യത അല്ലെങ്കില്‍ ആര്‍ക്കും വേണ്ട- തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ഹിജാബ്ധാരികളായ പെണ്‍കുട്ടികളുടെ പ്രതിഷേധം.

ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. പ്രതിഷേധിച്ചവരില്‍ ഏതാനുംപേരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും രണ്ടുപേരെ വിട്ടയച്ചതായും നിരവധി പേര്‍ ഇപ്പോഴും കസ്റ്റഡയിലുണ്ടെന്നു പ്രതിഷേധത്തില്‍ പങ്കാളിയായ ഒരു പെണ്‍കുട്ടി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ ഭരണനിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ശേഷം ആദ്യമായാണ് സ്ത്രീകള്‍ തെരുവില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധവുമായെത്തിയത്

Share
അഭിപ്രായം എഴുതാം