കുപ്പിവെള്ളത്തിന് അഞ്ച് രൂപ അധികം ഈടാക്കി, ഐആർസിടിസി കരാറുകാരന് ഒരുലക്ഷം രൂപ പിഴ

അംബാല: കുടിവെള്ളത്തിന്റെ കുപ്പിക്ക് എംആർപിയേക്കാൾ അഞ്ച് രൂപ അധികം ഈടാക്കിയതിന് ഇന്ത്യൻ റെയിൽവേയുടെ അംബാല ഡിവിഷൻ കേറ്ററിംഗ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പിഴ ചുമത്തിയത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) കരാറുകാരനായ യുപി സ്വദേശി ചന്ദ്ര മൗലി മിശ്ര എന്നയാൾക്കാണ് അംബാല റെയിൽവേ ഡിവിഷന്റെ വാണിജ്യ വിഭാ​ഗം പിഴ ചുമത്തിയത്. തീവണ്ടിക്ക് സ്വന്തമായി പാൻട്രി കാർ ഉണ്ടായിരുന്നില്ല. 2022 ഡിസംബർ ഒന്നിനാണ് ഐആർസിടിസി മിശ്രയ്ക്ക് കരാർ നൽകിയത്.

15/12/22 വ്യാഴാഴ്ച, ചണ്ഡീഗഢിൽ നിന്ന് ഷാജഹാൻപൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശിവം ഭട്ട് എന്ന യാത്രക്കാരനാണ് തന്റെ കൈയിൽനിന്ന് കുടിവെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പിക്ക് 20 രൂപ ഈടാക്കിയതായി ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്ത് ആരോപണമുന്നയിച്ചത്. ലേബലിൽ 15 രൂപയുടെ എംആർപി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ ആരോപിച്ചു. ദിനേഷ് എന്നയാളാണ് വിൽപനക്കാരനെന്നും ഇയാൾ ആരോപിച്ചു. ശിവം നൽകിയ പരാതിയെ തുടർന്ന് ദിനേശിന്റെ മാനേജർ രവി കുമാറിനെ ലഖ്‌നൗവിൽ വെച്ച് അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരെ പിഴ ചുമത്താൻ ഡിവിഷണൽ റെയിൽവേ മാനേജർ മൻദീപ് സിംഗ് ഭാട്ടിയയോട് വാണിജ്യ ബ്രാഞ്ച് ശുപാർശയും നൽകി. തുടർന്നാണ് കരാറുകാരനിൽ നിന്ന് ലക്ഷം രൂപ പിഴയീടാക്കിയത്. ലൈസൻസ് രേഖകൾ പരിശോധിച്ച ശേഷമാണ് കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയതെന്നും ഇക്കാര്യം ഐആർസിടിസി ആർഎമ്മിനെ അറിയിച്ചതായും ഡിആർഎം ഭാട്ടിയ പറഞ്ഞു. ഒരു ലിറ്റർ കുപ്പിക്ക് 15 രൂപയാണ് റെയിൽവേയിൽ കുടിവെള്ളത്തിന് ഈടാക്കുന്നത്. അധികം ഈടാക്കിയാൽ കടുത്ത നടപടിയെടുക്കുമെന്ന് റെയിൽവേ മുമ്പ് അറിയിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം