മലയാറ്റൂര്‍-അയ്യമ്പുഴ കുടിവെള്ള പദ്ധതി: പ്ലാന്റ് നിർമ്മാണം അവസാന ഘട്ടത്തിൽ

മലയാറ്റൂര്‍ -നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം  പുരോഗമിക്കുന്നു. കിഫ്ബി സഹായത്തോടെ 42.58 കോടി രൂപ  ചെലവിലാണ് പദ്ധതി.

രണ്ട് പാക്കേജിലായ് നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ പാക്കേജിലെ 90% നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. പെരിയാര്‍ തീരത്ത് ഇല്ലിത്തോട്  നിർമ്മിക്കുന്ന 8 എംഎല്‍ഡി ജല ശുദ്ധീകരണശാലയുടെ നിർമ്മാണം അവസാനം ഘട്ടത്തിലാണ്.
 
രണ്ടാം പാക്കേജിൽ ജലസംഭരണികളും ശുദ്ധീകരണശാലയിൽ നിന്ന് സംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനുകളും സ്ഥാപിക്കും

ജലവിതരണ പ്രവർത്തനങ്ങൾക്കായി പൈപ്പുകൾ ഇടുന്നത് ജലജീവൻ മിഷൻ വഴിയാണ് നടപ്പാക്കുന്നത്. ഇതിനായി മലയാറ്റൂർ നീലീശ്വരം  ഗ്രാമപഞ്ചായത്തിൽ കരാറായി. അയ്യമ്പുഴ പഞ്ചായത്തിൽ ടെൻഡർ നടപടികൾ പൂർത്തിയായി

പെരിയാര്‍ ഇല്ലിത്തോട് ആറു മീറ്റര്‍ വ്യാസത്തില്‍ നിലവിലുള്ള കിണറില്‍ ആവശ്യമായ നവീകരണം നടത്തി പമ്പ് ചെയ്ത് വെള്ളം ശുദ്ധീകരണ ശാലയില്‍ എത്തിച്ച് ശുദ്ധീകരിക്കും. ഇവിടെനിന്നും സംഭരണികളിലെത്തിച്ച് വിതരണം ചെയ്യും. ചുള്ളിയില്‍  3 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയിൽ നിർമ്മിക്കുന്ന ജല സംഭരണിയിൽ വെള്ളം ശേഖരിച്ച് അയ്യമ്പുഴ പഞ്ചായത്തിലും കുടിവെള്ളം എത്തിക്കും.

 കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Share
അഭിപ്രായം എഴുതാം