ലൈഫ് പ്രതിസന്ധി: ഹഡ്കോ വായ്പയിൽ അനിശ്ചിതത്വം; വീടിനായി ഉപഭോക്താക്കളുടെ കാത്തിരിപ്പ് തുടരുന്നു

തിരുവനന്തപുരം: ലൈഫ് പദ്ധതിക്കുള്ള ഹഡ്കോ വായ്പയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഗുണഭോക്താക്കളുടെ പട്ടിക വന്ന് മുന്നു മാസത്തോളമായിട്ടും വായ്പയുടെ പ്രാഥമിക നടപടി പോലും ആയില്ല. എത്ര തുക വായ്പ എടുക്കണമെന്ന കാര്യത്തിൽ ധന, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് വ്യക്തതയില്ല.

പുതിയ വായ്പയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് അപേക്ഷ കിട്ടിയിട്ടില്ലെന്ന് ഹഡ്കോ പറയുന്നു. വായ്പ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്ന ആശങ്കയിൽ ധനവകുപ്പ്. ഇതുവരെ 4500 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി ഹെഡ്കോയിൽ നിന്ന് വായ്പയെടുത്തത്. സംസ്ഥാന സർക്കാരിനായി വായ്പ എടുക്കുന്നത് കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻഷ്യൽ കോർപ്പറേഷനാണ്. ലൈഫ് പദ്ധതിയിൽ ഒരു മുൻഗണനാ പട്ടിക തയ്യാറാക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിദരിദ്രർ, എസ് സി എസ് ടി വിഭാഗങ്ങൾ തുടങ്ങിയവർക്ക് ആദ്യ പരിഗണന കൊടുക്കാനാണ് തീരുമാനം. നേരത്തെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി വെയ്റ്റേജിന്റെ അടിസ്ഥാനത്തിൽ വീടുകൾ അനുവദിക്കുന്നതായിരുന്നു രീതി. ആദ്യ ഘട്ടത്തിൽ ലൈഫ് പദ്ധതിയിൽ സർക്കാർ അപേക്ഷ ക്ഷണിച്ചപ്പോൾ ഒൻപത് ലക്ഷം പേരുടെ അപേക്ഷകളാണ് കിട്ടിയത്. പല ഘട്ടത്തിൽ ഇത് തരംതിരിച്ച് അതിൽ നിന്ന് ഏറ്റവും അർഹരായവരുടെ പേരുൾപ്പെടുത്തിയതാണ് 5 ലക്ഷം പേരുടെ പട്ടിക. ഇതിനകത്ത് വീണ്ടും മുൻഗണന വരുമ്പോൾ മറ്റുള്ളവർക്ക് വീട് എപ്പോൾ യാഥാർത്ഥ്യമാകുമെന്നതാണ് ചോദ്യം.

Share
അഭിപ്രായം എഴുതാം