ബ്ലൂസ്‌കൈ; പുതിയ ആപ്പുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍

വാഷിങ്ടണ്‍: ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ബദലുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക് ഡോര്‍സി. ബ്ലൂസ് സ്‌കൈ എന്നു പേരിട്ടിരിക്കുന്ന ആപ്പിന്റെ ബീറ്റാ പതിപ്പ് പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മുമ്പ്, തന്റെ വികേന്ദ്രീകൃത സോഷ്യല്‍ ആപ്പ് ബ്ലൂസ്‌കൈ ബീറ്റ ടെസ്റ്റര്‍മാരെ തേടുന്നതായി ഡോര്‍സി പ്രഖ്യാപിച്ചിരുന്നു. ഒരു സൈറ്റിനു പകരം ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന വികേന്ദ്രീകൃത മാതൃകയിലാണ് ബ്ലൂസ്‌കൈ വികസിപ്പിച്ചിരിക്കുന്നത്. ഓതന്റിക്കേറ്റഡ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ (എടി പ്രോട്ടോക്കോള്‍) ഉപയോഗിച്ചാണ് പുതിയ ആപ്പിന്റെ പ്രവര്‍ത്തനം. സാധ്യതകള്‍ക്കുള്ള തുറന്ന ഇടം എന്ന നിലയിലാണ് ബ്ലൂസ്‌കൈ (നീലാകാശം) എന്ന പേര് ആപ്ലിക്കേഷന് നല്‍കിയതെന്ന് ജാക് ഡോര്‍സി വ്യക്തമാക്കിയിരുന്നു. 2019-ല്‍ ട്വിറ്റര്‍ രൂപം നല്‍കിയ ബ്ലൂസ്‌കൈ പദ്ധതിയുമായി ജാക് ഡോര്‍സി മുന്നോട്ടുപോവുകയായിരുന്നു.മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ടെസ്ല സി.ഇ.ഒ: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. തൊട്ടുപിന്നാലെ ഇന്ത്യന്‍ വംശജനായ സി.ഇ.ഒ: പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. 3.62 ലക്ഷം കോടി രൂപയ്ക്കാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്.

Share
അഭിപ്രായം എഴുതാം