തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാള്‍ ‘പ്രതി’ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍

പാലക്കാട്: ഗള്‍ഫില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാള്‍ നാടകീയമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി നിയാസാണ് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പറഞ്ഞാണ് പ്രതിയെന്ന് സംശയിച്ചിരുന്ന വ്യക്തിക്കൊപ്പം നിയാസ് എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴോടെ രണ്ട് കാറിലെത്തിയവര്‍ തനിക്കൊപ്പമുണ്ടായിരുന്ന നിയാസിനെ തട്ടിക്കൊണ്ടുപോയെന്നാണ് സുഹൃത്ത് അനീഷ്, മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയത്.

തച്ചമ്പാറയിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവമെന്നും തടയാന്‍ ശ്രമിച്ച തന്നെ ആയുധം കാട്ടി അകറ്റി മാറ്റിയെന്നും പരാതിയിലുണ്ടായിരുന്നു.
പ്രവാസിയായിരുന്ന നിയാസ് ഗള്‍ഫില്‍ നടത്തിയ സാമ്പത്തിക ഇടപാടിനെചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോയി. കാസര്‍കോട് ഭാഗത്തു നിന്നുള്ളവരാണു തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു കണ്ടെത്തിയ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. സംഘമെത്തിയ കാറും കണ്ടെത്തി.

ഇതിനിടെയാണ് നിയാസ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പ്രതിയെന്ന് സംശയിച്ച് പോലീസ് തേടുന്ന അനീഷ് എന്ന വ്യക്തിക്ക് ഒപ്പമാണ് നിയാസെത്തിയത്.
പോലീസ് കസ്റ്റഡിയിലുള്ളയാളുടെ ബന്ധുവാണ് അനീഷ്. തങ്ങള്‍ തമ്മില്‍ പ്രശ്‌നവുമില്ലെന്നും നിയാസ് അറിയിച്ചു.
നിയാസും സുഹൃത്തും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പിലെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റേഷനില്‍ ഹാജരായതെന്നും പോലീസ് സംശയിക്കുന്നു. കൂടുതല്‍ പരിശോധന നടത്തുമെന്നു പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം