നിയമവും നീതിയും ഗവര്‍ണര്‍ മറക്കുന്നു: ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലാ വി സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയുമാണ്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. സംഘ്പരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്ത് ഭരണഘടനയും നിയമങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. അതിന് വിരുദ്ധമായ പ്രവണത ഉയരുമ്പോള്‍ സ്വാഭാവികമായും പ്രതികരണങ്ങള്‍ ഉണ്ടാവും. ഇപ്പോള്‍ കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്നതിലൂടെ നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണ്.

അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു എന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്. ഇതിനര്‍ത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സലര്‍ പദവി ദുരുപയോഗിക്കപ്പെടുന്നു എന്നാണ്. അതിന് ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാവുന്നു എന്നാണ് ഇത് കാണിക്കുന്നത്. അത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസ്സത്തയെ നിരാകരിക്കുന്നതുമായ രീതിയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും അക്കാദമികമായി സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാണത്. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ഇത്തരം അമിതാധികാര പ്രവണതകള്‍ അംഗീകരിച്ചു കൊടുക്കാനാവില്ല. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സര്‍ക്കാരിനെതിരായ നീക്കം നടത്താനോ ഉള്ളതല്ല. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന അധികാരങ്ങളും ചുമതലകളും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ളതാണ്.കെ ടി യു വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച കോടതി വിധിയുടെ മറപിടിച്ചാണ് ഒമ്പത് വൈസ് ചാന്‍സലര്‍മാരോട് ഏകപക്ഷീയമായി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാദമിക മികവിന്റെ ഉയരങ്ങളിലേക്ക് മുന്നേറുന്ന കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണ്. എന്തിനു വേണ്ടിയാണ് ഈ ആക്രമണം? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അല്ലാതെ മറ്റെന്താണ് ഇതിനു പിന്നില്‍?

യു ജി സി ചട്ടങ്ങള്‍ പാലിക്കാതെയാണ് ഈ ഒമ്പത് സര്‍വകലാശാലകളിലും വി സി നിയമനങ്ങള്‍ നടന്നതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഒമ്പത് സര്‍വകലാശാലകളിലും ഗവര്‍ണറാണ് നിയമന അധികാരി. വി സി നിയമനങ്ങള്‍ ചട്ടവിരുദ്ധമായാണ് നടന്നതെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് തന്നെയല്ലേ. ഗവര്‍ണറുടെ തന്നെ ലോജിക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വിസി മാരാണോ? അതും ആലോചിക്കുന്നത് നല്ലതാണ്.കെ ടി യു വൈസ് ചാന്‍സലര്‍ക്ക് അക്കാദമിക യോഗ്യതയില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞിട്ടില്ല. നടപടിക്രമം സംബന്ധിച്ച ഒരു പ്രശ്നം മാത്രമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതില്‍ തന്നെ ഹൈക്കോടതിയിലെ തര്‍ക്ക വിഷയമായിരുന്നില്ല ഈ കേസില്‍ സുപ്രീം കോടതി പരിഗണിച്ചത്. ആ വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ഇനിയും അവസരവുമുണ്ട്. എന്നാല്‍, സംസ്ഥാനത്തെ സര്‍വ്വകലാശാലാ ഭരണത്തെയാകെ അസ്ഥിരപ്പെടുത്താന്‍ ഈ സാഹചര്യത്തെ ഉപയോഗിക്കുകയാണ് ചാന്‍സലര്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ ഇടപെടലില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ട്. വൈസ് ചാന്‍സലര്‍മാരുടെ വാദം പോലും കേള്‍ക്കാതെയാണ് ചാന്‍സലറുടെ ഭാഗത്തു നിന്നുള്ള ഏകപക്ഷീയമായ നീക്കം.

സെര്‍ച്ച് കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം, അവര്‍ നല്‍കുന്ന പാനലിലെ പേരുകളുടെ എണ്ണം ഇവയൊക്കെ അതാത് സര്‍വകലാശാല സ്റ്റാറ്റിയൂട്ടുകളില്‍ പറയുന്നതു പോലെയാണ് രാജ്യത്തെല്ലായിടത്തും നടക്കുന്നത്. പല സംസ്ഥാനങ്ങളിലും ഗവണ്മെന്റിന്റെ പ്രതിനിധികള്‍ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച്/സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരിക്കും. മഹാരാഷ്ട്രയില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സെക്രട്ടറി ഇന്‍ ചാര്‍ജ് സേര്‍ച്ച്/സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാണ്. കര്‍ണാടകയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള നാലംഗ സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നതും സര്‍ക്കാറാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Share
അഭിപ്രായം എഴുതാം