ഗവർണരുടെ അന്ത്യശാസനം തള്ളി കണ്ണൂർ വി. സി

കണ്ണൂര്‍: രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം തള്ളി കണ്ണൂര്‍ വിസി. രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി. ഫിഷറീസ്, കെടിയു, മലയാളം സർവ്വകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാർഗനിർദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലറുടെ നപടി. ഇതിൽ സെർച്ച് കമ്മിറ്റി ഒറ്റപ്പേര് നൽകിയതിനാലാണ് കേരള, എംജി, കണ്ണൂർ, കെടിയു, ഫിഷറീസ് കാലടി വിസിമാർ രാജിവെക്കേണ്ടത്. ബാക്കി കാലിക്കറ്റ്, കുസാറ്റ്, മലയാളം വിസിമാർ പുറത്തുപോകേണ്ടത് സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലാത്ത സാഹചര്യത്തിലാണ്. 

പല കാലങ്ങളിലായി നടന്ന നിയമനങ്ങളാണ് ഒറ്റയടിക്ക് സമയപരിധി വെച്ച് ഗവർണര്‍ അസാധുവാക്കിയത്. കെടിയു വിസി വിധി ഗവർണ്ണർ ആയുധമാക്കുമെന്ന് സർക്കാരിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ സർക്കാരിനോടും വിസിമാരോടും വിശദീകരണം പോലും ചോദിക്കാതെ കൂട്ടരാജിക്കുള്ള നിർദ്ദേശം തീർത്തും അപ്രതീക്ഷിതം. രണ്ടും കല്‍പ്പിച്ച് വാളെടുത്ത ഗവർണ്ണറോട് മുട്ടാൻ തന്നെയാണ് സർക്കാരിന്റെയും നീക്കം. രാജിവെച്ച് കീഴടങ്ങേണ്ടെന്നാണ് സർക്കാർ ആലോചന. പുറത്താക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യട്ടെ, സ്വയം രാജിവെച്ച് പോകേണ്ടെന്നാണ് വിസിമാർക്കുള്ള സർക്കാർ സന്ദേശം.

Share
അഭിപ്രായം എഴുതാം