എണ്ണക്കയറ്റുമതി നിയന്ത്രണം: സൗദി അറേബ്യയുടെ കളിയെന്ന് യു.എസ്

വാഷിങ്ടണ്‍: എണ്ണയുല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും സഖ്യകക്ഷികളും എണ്ണ ഉല്‍പാദനം കുറയ്ക്കാനുള്ള തീരുമാനമെടുത്തിനു പിന്നില്‍ സൗദി അറേബ്യയുടെ കളിയെന്ന് യു.എസ്. ഇതോടെ എണ്ണയുല്‍പാദനവുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളുടെയും വാക്പോര് രൂക്ഷമായി.

സൗദി അറേബ്യയുള്‍പ്പെടെ 13 എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. റഷ്യ അടക്കമുള്ള 10 എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്കൂടി ചേരുന്നതാണ് ഒപെക് പ്ലസ്. അടുത്ത മാസം മുതല്‍ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 20 ലക്ഷം ബാരല്‍ കുറവ് വരുത്താന്‍ ഒപെക് പ്ലസ് തീരുമാനമെടുത്തിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളെ റഷ്യ പ്രേരിപ്പിച്ചെന്നാണ്‌ വൈറ്റ് ഹൗസിന്റെ ആരോപണം. ഒന്നോ രണ്ടോ രാജ്യങ്ങള്‍ ഉല്‍പാദനം കുറയ്ക്കുന്നതിനോട് വിയോജിച്ചു. പക്ഷേ, വോട്ടെടുപ്പില്‍ അവര്‍ക്കും സൗദിയുടെ പ്രേരണയ്ക്കു വഴിപ്പെടേണ്ടിവന്നെന്നാണ് യു.എസ്. ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയുടെ ആരോപണം. ഉല്‍പാദനം കുറച്ചതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും സാമ്പത്തികമായ കാര്യങ്ങളാണെന്നും ഒപെക് പ്രതികരിച്ചിരുന്നു. എന്നാല്‍, ഉല്‍പാദനം കുറച്ചതിന് വിപണിപരമായ ഒരു കാരണവുമില്ലെന്നാണ് അമേരിക്കന്‍ വാദം. ഉല്‍പാദനം കുറയ്ക്കരുതെന്ന നിലപാടിലായിരുന്നു നേരത്തെതന്നെ യു.എസ്. യുക്രൈന്‍ യുദ്ധത്തിനു സമാന്തരമായി നടന്ന സാമ്പത്തിക യുദ്ധത്തില്‍ സൗദി നേതൃത്വം നല്‍കുന്ന ചേരി റഷ്യയ്ക്കു പിന്നില്‍ അണി നിരന്നത് യു.എസിനും യൂറോപ്യന്‍ യൂണിയനും കനത്ത തിരിച്ചടിയായിരുന്നു. സൗദി അറേബ്യ, കുെവെത്ത്, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളുടെ ചുവടുമാറ്റമാണ് എണ്ണ വിപണിയില്‍ യു.എസിനും സഖ്യകക്ഷികള്‍ക്കും തിരിച്ചടിയായത്. ഇതോടെ എണ്ണ വില കൂടുമെന്നും വിപണിയില്‍ റഷ്യന്‍ സ്വാധീനം നിലനില്‍ക്കുമെന്നുമുറപ്പായി.

യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനായിരുന്നു യു.എസിന്റെയും ഇ.യുവിന്റെയും ശ്രമം. റഷ്യയ്ക്കുമേലുള്ള ഉപരോധം ശക്തമാക്കാനും റഷ്യന്‍ എണ്ണയുടെ വില ഇടിക്കാനും ശ്രമം നടന്നു. ഇതു സംബന്ധിച്ച ധാരണയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അംബാസഡര്‍മാരെത്തിയതിനു പിന്നാലെയായിരുന്നു ഒപെക് പ്ലസ് യോഗം. ഇ.യു. തീരുമാനം നടപ്പായാല്‍ ഈ വര്‍ഷം അവസാനത്തോടെ എണ്ണ വില ബാരലിന് 89 ഡോളറായി കുറയുമെന്നായിരുന്നു പ്രതീക്ഷ. വില കുറഞ്ഞാല്‍ സമ്മര്‍ദം ചെലുത്തി റഷ്യയില്‍നിന്നുള്ള എണ്ണ കയറ്റുമതി തടയാമെന്നും കണക്കുകൂട്ടലുണ്ടായിരുന്നു.ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് പ്ലസ് തീരുമാനത്തോടെ എണ്ണവില ബാരലിന് 100 ഡോളര്‍ കവിയുമെന്നാണു സൂചന. ഇതോടെ കൂടുതല്‍ രാജ്യങ്ങള്‍ക്കു റഷ്യയുടെ സഹായം വേണ്ടിവരും.

Share
അഭിപ്രായം എഴുതാം