ഹര്‍ത്താലില്‍ വ്യാപക ആക്രമണം; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങള്‍. പലയിടത്തും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ക്ക് നേരെ ഉള്‍പ്പെടെ കല്ലേറ് ഉണ്ടായി. ബസുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂര്‍ ,കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്കും മറ്റും നേരെ കല്ലേറ് ഉണ്ടായത്. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപത്തെ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശശിക്ക് കണ്ണിനു പരിക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു.

അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പോലീസ് വാഗ്ദാനം വെറുംവാക്കാകുകയാണ് ഇപ്പോള്‍. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തായിരുന്നു അക്രമം നിയന്ത്രിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നത്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചിരുന്നു.

സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്.

Share
അഭിപ്രായം എഴുതാം