പട്ടയം നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും ആഫീസ് നിര്‍ത്തലാക്കും

ഇടുക്കി: ഇടുക്കി ജില്ലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും, പരിസ്ഥിതി സംഘടനകളും ഉണ്ടാക്കിയ ഉടക്കുകളും കുരുക്കുകളുമഴിച്ച് പട്ടയം നല്‍കാന്‍ തുറന്ന ആഫീസുകള്‍ 2023 മാര്‍ച്ചോടെ അടയ്ക്കും. ഇതിനുള്ള നീക്കങ്ങള്‍ തിരുവനന്തപുരത്ത് കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്കും എതിരായി ചരട് വലികള്‍ നടത്തുന്ന ലോബി ശക്തമാക്കി.

കഴിഞ്ഞവര്‍ഷം (2021) തന്നെ ആഫീസുകള്‍ പെട്ടെന്ന് അടച്ചുപൂട്ടി തീരുമാനമായതാണ്. ആയിരക്കണക്കിന് പട്ടയ അപേക്ഷകളില്‍ നടപടി പൂര്‍ത്തീകരിക്കാത്ത സ്ഥിതിയില്‍ ആഫീസ് നിര്‍ത്തലാക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലയില്‍ ആകെ എട്ട് ആഫീസുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. കട്ടപ്പന, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂര്‍, നെടുങ്കണ്ടം, രാജാക്കാട്, പീരുമേട്, ദേവികുളം എന്നിവിടങ്ങളിലുള്ള ആഫീസുകള്‍ ആണ് 2023 മാര്‍ച്ചോടെ പൂട്ടാന്‍ പോകുന്നത്.

വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള പട്ടയ കാര്യത്തിലും ഇതേവരെ തീരുമാനമില്ല. ഒരു ഭാഗത്തുകൂടി നിര്‍മ്മാണ നിരോധനം കൊണ്ടുവന്ന് ജനവാസവും വികസനവും തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പട്ടയം കൂടി നല്‍കി സ്ഥിരവാസം ഉണ്ടാക്കേണ്ട എന്ന താല്പര്യ നടപ്പാക്കാന്‍ സെക്രട്ടേറിയേറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമുണ്ട്.

25 ഏക്കര്‍ മാത്രം വനഭൂമിയുള്ള ചിന്നക്കനാലില്‍ സ്വാതന്ത്ര്യത്തിനും മുന്‍പേ ജനവാസവും കൃഷിക്കാരുമുള്ളതാണ്. ഏഴായിരത്തിലേറെ പേരുടെ പട്ടയ അപേക്ഷകള്‍ രാജാക്കാടുള്ള പട്ടയ ആഫീസില്‍ കെട്ടിയടുക്കി വച്ചിട്ടുണ്ട്. ഒരാള്‍ക്ക് പോലും പട്ടയം നല്‍കിയിട്ടില്ല. ചിന്നക്കനാലിലെ ഭൂമി മുഴുവന്‍ ആനത്താരയ്ക്കും ആന പാര്‍ക്കിനുമായി വനംവകുപ്പിന് വേണമെന്ന ആവശ്യമാണ് കൃഷിക്കാരുടെ പട്ടയത്തിന് വിനയായത്. ബഫര്‍സോണ്‍ വിധി വന്നതോടെ എട്ടു വന്യജീവി കേന്ദ്രങ്ങള്‍ക്ക് ചുറ്റും പട്ടയം കിട്ടാത്ത സ്ഥിതിയുമുണ്ട്. കിട്ടിയ പട്ടയങ്ങള്‍ക്ക് കടലാസ് വിലപോലുമില്ലാതെയുമായി. ജില്ലയില്‍ 47 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയാക്കി കൊണ്ട് കരടു വിജ്ഞാപനവുമിറങ്ങി കഴിഞ്ഞു.

Share
അഭിപ്രായം എഴുതാം