കാബൂള്‍: അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം. പത്തുപേര്‍ക്കു പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ ഏറ്റെടുത്തു.അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം എംബസി ലക്ഷ്യമിട്ടു നടക്കുന്ന ആദ്യ ആക്രമണമാണിത്. റഷ്യന്‍ എംബസിയുടെ ഗേറ്റിലേക്ക് പാഞ്ഞെത്തിയ ചാവേറിനെ സുരക്ഷാ ജീവനക്കാര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു.പ്രാദേശിക സമയം രാവിലെ 10:50-ന് എംബസിയുടെ കോണ്‍സുലാര്‍ വിഭാഗത്തിന്റെ പ്രവേശന കവാടത്തിനു സമീപമാണ് ചാവേര്‍ ആക്രമണമുണ്ടായത്.എംബസിയിലെ രണ്ട് ജീവനക്കാരും നാല് അഫ്ഗാന്‍ പൗരന്‍മാരുമാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എംബസികള്‍ സുരക്ഷിതമാക്കുന്നതിന് താലിബാന്‍ സേന ഗൗരവകരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ഖഹര്‍ ബല്‍ഖി പറഞ്ഞു.അഫ്ഗാന്‍ സര്‍ക്കാരിന് റഷ്യയുമായി അടുത്ത ബന്ധമുണ്ട്. ശത്രുക്കളുടെ ഇത്തരം നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍ ഈ ബന്ധത്തെ പ്രതികൂലമായി ബാധിക്കാന്‍ അനുവദിക്കില്ല- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.ഒരു വര്‍ഷം മുമ്പ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം അവിടെ എംബസി നിലനിര്‍ത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് റഷ്യ.
റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം
