യു.എന്‍. രക്ഷാസമിതിയില്‍ റഷ്യക്കെതിരേ വോട്ട് ചെയ്ത് ഇന്ത്യ

വാഷിങ്ടണ്‍: യുക്രൈന്‍ വിഷയത്തില്‍ യു.എന്‍. രക്ഷാസമിതിയില്‍ ആദ്യമായി റഷ്യക്കെതിരേ വോട്ട് ചെയ്ത് ഇന്ത്യ. രക്ഷാസമിതിയോഗത്തെ ടെലികോണ്‍ഫറന്‍സ് വഴി അഭിസംബോധനചെയ്യാന്‍ യുക്രൈന്‍ പ്രസിഡന്റ് വെളോദിമിര്‍ സെലന്‍സ്‌കിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വോട്ടെടുപ്പ്.റഷ്യ-യുക്രൈന്‍ യുദ്ധം വിലയിരുത്താനായി രക്ഷാസമിതി 24/08/2022 ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. സെലന്‍സ്‌കി രക്ഷാസമിതി യോഗത്തെ അഭിസംബോധന ചെയ്യുന്നതിനെ എതിര്‍ത്ത റഷ്യ, വിഷയത്തില്‍ വോട്ടെുപ്പ് ആവശ്യപ്പെട്ടു. 15 അംഗ സമിതിയില്‍ 13 അംഗങ്ങളും സെലന്‍സ്‌കി പങ്കെടുക്കുന്നതിനെ അനുകൂലിച്ചു. റഷ്യ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ചൈന വിട്ടുനിന്നു.

യുദ്ധം തുടങ്ങിയശേഷം യുക്രൈന്‍ വിഷയത്തില്‍ ഇതാദ്യമായാണ് ഇന്ത്യ, റഷ്യന്‍ നിലപാടിനെതിരേ വോട്ട് ചെയ്യുന്നത്. റഷ്യയും യുക്രൈനും ചര്‍ച്ചയിലുടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടുള്ള ഇന്ത്യ, ഇതുവരെ ഈ വിഷയത്തിലുള്ള വോട്ടെടുപ്പുകളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. രക്ഷാസമിതിയില്‍ സ്ഥിരാംഗം അല്ലാത്ത ഇന്ത്യയുടെ നിലവിലെ കാലാവധി ഡിസംബറില്‍ അവസാനിക്കും.

Share
അഭിപ്രായം എഴുതാം