ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍

ലഖ്നൗ: നോയിഡയില്‍ യുവതിയെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി. കിസാന്‍ മോര്‍ച്ചാ നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍. സംഭവശേഷം ഒളിവിലായിരുന്ന ത്യാഗിയെ യു.പിയിലെ മീറ്ററ്റില്‍നിന്ന് നോയിഡ പോലീസാണ് 09/08/2022 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം സഹായികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്.നോയിഡ സെക്ടര്‍ 93 ബി-യിലെ ഗ്രാന്‍ഡ് ഒമാക്സിയു-ടെ പരിസരത്ത് നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് ഒരു സ്ത്രീയെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതിനാണ് നോയിഡ പോലീസ് ത്യാഗിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.ഭാര്യയുമായും അഭിഭാഷകനുമായും നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ച ത്യാഗിയുടെ മൊെബെല്‍ ഫോണ്‍ സിഗ്‌നലുകള്‍ ട്രാക്ക് ചെയ്താണ് പോലീസ് ഒളിയിടം കണ്ടെത്തിയത്.

08/08/2022 തിങ്കളാഴ്ച രാത്രി സഹാരന്‍പൂരിലും 09/08/2022 ചൊവ്വാഴ്ച മീററ്റിലുമെത്തിയ ഇയാള്‍ കോടതിയില്‍ കീഴടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഗൗതം ബുദ്ധ നഗര്‍ ജില്ലാ കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി ത്യാഗി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.സ്ത്രീക്കെതിരേ അധിക്ഷേപം നടത്തിയതിനു പിന്നാലെ ത്യാഗിയുടെ നോയിഡയിലെ വീടിന് പുറത്തുള്ള അനധികൃത നിര്‍മാണം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇന്നലെ പുലര്‍ച്ചെ ആറോടെ ത്യാഗിയുടെ ഭാര്യയെ ചോദ്യംചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ബന്ധുക്കളില്‍ ചിലരും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് ത്യാഗിയുടെ അറസ്റ്റില്‍ കലാശിച്ചത്.

Share
അഭിപ്രായം എഴുതാം