വസ്ത്രനിർമ്മാണശാലയിൽ വാതക ചോർച്ച: അമ്പതോളം സ്ത്രീജീവനക്കാർ ആശുപത്രിയിൽ

വിശാഖപട്ടണം: വിശാഖപട്ടണത്ത് വസ്ത്രനിർമ്മാണശാലയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് ജീവനക്കാരായ അമ്പതോളം സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാതകം ശ്വസിച്ച് നിരവധി പേർ തളർന്നു വീണു. അനകാപള്ളി ജില്ലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് വാതക ചോർച്ച ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ടവരെ ഇവിടുത്തെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. തുടർന്നാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്.

2022 ജൂൺ മൂന്നിന് ഈ മേഖലയിലെ മറ്റൊരു സ്ഥാപനത്തിലും വാതക ചോർച് ഉണ്ടായതിനെ തുടർന്ന് ഇരുന്നൂറ് വനിതാ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോറസ് ലാബറട്ടറീസ് എന്ന സ്ഥാപനത്തിലാണ് അന്ന് വാതക ചോർച്ച ഉണ്ടായത്. സംഭവത്തെ തുടർന്ന് പോറസ് ലാബറട്ടറീസ് അടച്ചു പൂട്ടാൻ സംസ്ഥാന മലിനീകരണ ബോ‍ർഡ് നിർദേശം നൽകിയിരുന്നു. അമോണിയ ചോർന്നതായിരുന്നു അന്ന് അപകടം ഉണ്ടാക്കിയത്. സംഭവത്തെ തുടർന്ന് ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിദഗ്ധ‌ർ പോറസിൽ പരിശോധനകൾ നടത്തി, വാതകം ചോരാനിടയായ സാഹചര്യം വിലയിരുത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം