പത്തനംതിട്ട : പത്തനംതിട്ടയിൽ പട്ടികജാതി കുടുംബത്തിന് വീട് പുനർനിർമാണത്തിന് സർക്കാർ അനുവദിച്ച ഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുത്തതായി പരാതി. നാരങ്ങാനം സ്വദേശി സരസമ്മയെയാണ് പഞ്ചായത്ത് മെമ്പർമാർ ചേർന്ന് കബളിപ്പിച്ചത്. നേതാക്കൾ പണം കൈക്കലാക്കിയതോടെ സരസമ്മ തദ്ദേശഭരണ ഓംബുഡ്സ്മാന് പരാതി നൽകി.
2021 – 22 സാമ്പത്തിക വർഷത്തിലെ പട്ടികജാതി ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് സരസമ്മയ്ക്ക് 35,000 രൂപ അനുവദിച്ചത്. നാരങ്ങാനം എസ്ബിഐ ശാഖയിലെ അക്കൗണ്ടിലാണ് പണം വന്നത്. ബാങ്കിൽ പണം വന്നയുടൻ തന്നെ പഞ്ചായത്ത് അംഗം അഭിതഭായി സരസമ്മയെയും കൂട്ടി ബാങ്കിലെത്തി പണം പിൻവലിച്ചു. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർണമായും ചെയ്തു തരാമെന്ന് അറിയിച്ചാണ് പണം കൈക്കലാക്കിയത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സരസമ്മയ്ക്ക് മലനാട് മിൽക്ക് സൊസൈറ്റി സഹായമായി കൊടുത്ത 25,000 രൂപയും പഞ്ചായത്ത് അംഗങ്ങൾ തട്ടിയെടുത്തെന്നും ഓംബുഡ്സ്മാന് നൽകിയ പരാതിയിലുണ്ട്. വീടിന്റെ പണികൾ പൂർത്തിയായി എന്ന് സർട്ടിഫിക്കറ്റ് നൽകിയ നാരങ്ങാനം പഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയറെ കൂടി എതിർകക്ഷി ആക്കിയാണ് ഓംബുഡ്സ്മാന് പരാതി നൽകിയിരിക്കുന്നത്. ആരോപണവിധേയനായ ബെന്നി ദേവസ്യ സിപിഎം ഏരിയ കമ്മിറ്റി അംഗവും, അഭിതഭായി ലോക്കൽ കമ്മിറ്റി അംഗവുമാണ്.