അദാനിക്ക് വേണ്ടി മോദിയുടെ സമ്മര്‍ദ്ദമെന്ന് വെളിപ്പെടുത്തിയ ലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു

കൊളംബോ: ഗൗതം അദാനി ഗ്രൂപ്പിന് ഊര്‍ജപദ്ധതി നല്‍കിയതിനെക്കുറിച്ച് ശ്രീലങ്കയില്‍ വിവാദം മുറുകവേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് കരാര്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നല്‍കിയത് എന്ന വെളിപ്പെടുത്തല്‍ നടത്തിയ കമ്പനി ഉന്നതന്‍ രാജിവച്ചു. ശ്രീലങ്കയുടെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് (സി.ഇ.ബി) ചെയര്‍മാന്‍ എം.എം.സി. ഫെര്‍ഡിനാഡോയാണ് രാജിവച്ചത്. കരാര്‍ അദാനി ഗ്രൂപ്പിനു നല്‍കണമെന്ന് മോദി നേരിട്ടു സമ്മര്‍ദം ചെലുത്തി എന്നുള്ള ആരോപണം ഫെര്‍ഡിനാഡോ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു.പൊതുമേഖലാ സ്ഥാനപങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയുടെ പബ്ലിക് ഹിയറിങ്ങിലാണ് വെള്ളിയാഴ്ച ഫെര്‍ഡിനാഡോ ആരോപണം ഉന്നയിച്ചത്. മോദി സമ്മര്‍ദം ചെലുത്തിയെന്ന് പ്രസിഡന്റ് രാജപക്സെ തന്നോടു പറഞ്ഞുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ശ്രീലങ്കയിലെ മാന്നാര്‍ ജില്ലയില്‍ 500 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍. തുറന്ന വാദംകേള്‍ക്കലില്‍ ഫെര്‍ഡിനാന്‍ഡോ നടത്തിയ പ്രസ്താവനയുടെ വീഡിയോ ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. ഞായറാഴ്ച പ്രസിഡന്റ് രാജപക്സെ ഈ ആരോപണം ശക്തമായി നിഷേധിച്ചതോടെയാണ് ഫെര്‍ഡിനാഡോ ആരോപണം പിന്‍വലിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരുപറഞ്ഞത് അപ്രതീക്ഷിതമായ സമ്മര്‍ദത്തിലും വികാരത്തിലുമാണെന്നാണ് പിന്നീട് ശ്രീലങ്കന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫെര്‍ഡിനാഡോ പറഞ്ഞത്.

Share
അഭിപ്രായം എഴുതാം