രാമായണ പാതയിലൂടെ ട്രെയിന്‍ ഓടിക്കുന്നു

ലഖ്നൗ: ഇന്ത്യയെയും നോപ്പാളിനെയും ബന്ധിപ്പിച്ച് രാമായണ പാതയിലൂടെ ട്രെയിന്‍ ഓടിക്കാന്‍ ഐ.ആര്‍.സി.ടി.സി. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനാണ് യാത്രയ്ക്കു തയാറെടുക്കുന്നത്. ആഭ്യന്തര ടൂറിസം വികസനത്തിനായുള്ള ”ദേഖോ അപ്നാ ദേശ്” പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിന്‍ സര്‍വീസ്. ശ്രീരാമനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര. ഡല്‍ഹിയില്‍നിന്നു യാത്ര തിരിക്കുന്ന ട്രെയിന്‍ അയോധ്യ, ജനക്പുര്‍ (നേപ്പാള്‍), സീതാമര്‍ഹി, വാരാണസി, നാസിക്, രാമേശ്വരം എന്നവിടങ്ങളിലൂടെ ഓടി രാജ്യതലസ്ഥാനത്ത് യാത്ര അവസാനിപ്പിക്കും.
ആദ്യ സ്റ്റോപ്പ് അയോധ്യയിലാണ്. ഇവിടെ സന്ദര്‍ശകര്‍ക്ക് രാമജന്മഭൂമി ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം, നന്ദിഗ്രാമിലെ ഭാരത് മന്ദിര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. അടുത്ത ലക്ഷ്യം ബുക്സാറാണ്. ഇവിടെ വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമം, രാമരേഖ ഘട്ട് എന്നിവയാണ് ഭക്തരെ കാത്തിരിക്കുന്നത്. ഗംഗാ നദിയിലെ സ്നാനവും കഴിഞ്ഞ് അവിടുന്ന് യാത്ര തുടരാം. അടുത്ത സ്റ്റോപ്പ് നേപ്പാളിലെ ജാനക്പുര്‍ ആണ്. അവിടെ ഹോട്ടില്‍ ഒരു ദിവസം തങ്ങാം. തുടര്‍ന്ന് രാമ ജാനകി ക്ഷേത്രസന്ദര്‍ശനം. സീതാദേവിയുടെ ജന്മസ്ഥലമായ സീതാമര്‍ഹിയും കണ്ടു കഴിഞ്ഞാല്‍ പിന്നെ വാരാണസിയിലേക്കാണു മടക്കം.കാശിയില്‍ വാരാണസി സീതാ സമഹിത് സ്ഥല്‍, പ്രയാഗ്, ശിരിങ്വേര്‍പുര്‍, ചിത്രകൂടം ക്ഷേത്രങ്ങള്‍ റോഡുമാര്‍ഗം വലംവയ്ക്കും. അവിടെനിന്ന് നാസിക്കിലെ ത്രയാമ്പകേശ്വര ക്ഷേത്രം ലക്ഷ്യമാക്കിയാണ് യാത്ര. തുടര്‍ന്നു പുരാതന നഗരമായ കിഷ്‌കിന്ദ, ഹംപി എന്നിവിങ്ങളില്‍ പര്യടനം.

ഹനുമാന്റെ ജന്മസ്ഥലമെന്നു കരുതുന്ന ആഞ്ജനേയാദ്രി മലനിരകളിലേക്കാണ് അടുത്ത തീര്‍ഥയാത്ര. അവിടെനിന്നു രാമേശ്വരത്തേക്കു തിരിക്കും. രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്ട്കോടി എന്നിവിടങ്ങള്‍ പിന്നിട്ട് കാഞ്ചീപുരത്ത് എത്തും. ഇവിടെ ശിവകാഞ്ചി, വിഷ്ണുകാഞ്ചി, കാമാക്ഷി ക്ഷേത്രങ്ങളിലാണ് സന്ദര്‍ശനം. ദക്ഷിണ അയോധ്യ എന്നറിയപ്പെടുന്ന തെലങ്കാനയിലെ ഭദ്രാചലമാണ് അവസാന ലക്ഷ്യകേന്ദ്രം. തുടര്‍ന്ന് ട്രെയിന്‍ ഡല്‍ഹിയിലേക്കു മടങ്ങും. ജൂണ്‍ 21-നാണ് കന്നിയാത്ര. ലഗേജ് സൂക്ഷിക്കാന്‍ ട്രെയിനില്‍ രണ്ടു കമ്പാര്‍ട്ട്മെന്റുകള്‍ പ്രത്യേകം ഉണ്ടാകും. സസ്യാഹാരം ലഭ്യമാക്കാന്‍ പാന്‍ട്രി കാറും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സി.സി ടിവി, സുരക്ഷാ ഗാര്‍ഡുകള്‍ എന്നിവയെല്ലാം ഭാരത് ഗൗരവ് ട്രെയിനില്‍ ഉണ്ടാകും. 62,370 മുതലാണു ടിക്കറ്റ് നിരക്ക്. എ.സി. 3 യാര്‍ യാത്ര, ഹോട്ടല്‍ താമസം, ബസ് യാത്രാനിരക്കുകള്‍, ഇന്‍ഷൂറന്‍സ്, ഗൈഡുകളുടെ സേവനം എന്നിവയെല്ലാം ചേര്‍ത്തുള്ള പാക്കേജിനാണ് ആളൊന്നിന് ഈ തുക. യാത്രക്കാര്‍ക്ക് ഇ.എം.ഐ. ആയി പണം അടയ്ക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം