കട്ടപ്പന നഗരസഭയുടെ ക്യാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌, ജൈവവള സംസ്‌കരണ പ്ലാന്റ്‌ എന്നിവ പ്രവര്‍ത്തന രഹിതമായി. പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം

കട്ടപ്പന : കട്ടപ്പന നഗരസഭ ആരംഭിച്ച കോട്ടണ്‍ കാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌ പ്രവര്‍ത്തനം അവസാനിപ്പിച്ചു. യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. 2018 ഒക്ടോബര്‍ 27ന്‌ കോയമ്പത്തൂര്‍ ആസ്ഥാനമായുളള ഫൈവ്‌ ഫിങ്കേഴ്‌സ്‌ എന്ന സ്ഥാപനം വഴിയാണ്‌ ആധുനിക യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ നഗരസഭ കോട്ടണ്‍ ക്യാരിബാഗ്‌ നിര്‍മാണ യൂണിറ്റ്‌ ആരംഭിച്ചത്‌. ഇതിനായി വികസന ഫണ്ടില്‍ നിന്നും 15.70 ലക്ഷം രൂപയാണ്‌ മുടക്കിയത്‌. പിന്നീട്‌ കുടുംബ ശ്രീക്ക്‌ കൈമാറിയ പദ്ധതിയാണ്‌ ഉപേക്ഷിക്കപ്പെട്ടത്‌. പദ്ധതിയില്‍ അപാകതകള്‍ ഉണ്ടെന്ന്‌ 2017-18 സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലുണ്ട്‌. പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ യൂണിറ്റ്‌ പ്രവര്‍ത്തിപ്പിക്കണമെന്ന്‌ ഓഡിറ്റ്‌ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷെ പ്രാവര്‍ത്തികമായില്ല.

കട്ടപ്പന നഗരത്തെ പ്ലാസ്റ്റിക്ക്‌ മുക്തമാക്കുകയെന്ന ലക്ഷ്യത്തില്‍ ആരംഭിച്ച വമ്പന്‍ പദ്ധതിയാണ്‌ മൂന്നുവര്‍ഷമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്നത്‌. മുനിസിപ്പല്‍ ഓഫീസിന്‌ എതിര്‍വശത്തുളള ഗ്രൗണ്ടില്‍ താല്‍ക്കാലിക ഷെഡ്‌ നിര്‍മിച്ച്‌ അതിനുളളില്‍ യന്ത്രങ്ങള്‍ സജ്ജമാക്കിയാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. ആഘോഷമായി ഉദ്‌ഘാടനം നടത്തിയെങ്കിലും യൂണിറ്റ്‌ പ്രവര്‍ത്തിക്കാന്‍ വീണ്ടും സമയമെടുത്തു. 2019 ജനുവരിയോടെയാണ്‌ പിന്നീട്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.

എന്നാല്‍ ഇറക്കുമതിചെയ്‌ത യന്ത്രം പലതവണ തകരാറിലായി. പിന്നീട്‌ യന്ത്രം നന്നാക്കി പദ്ധതി കുടുംബ ശ്രീയെ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട്‌ മധുരയില്‍ നിന്ന്‌ എത്തിച്ച പ്രത്യേകതരം കോട്ടണ്‍ ഉപയോഗിച്ച്‌ ബാഗുകള്‍ നിര്‍മിച്ച്‌ വിതരണം ആരംഭിച്ചപ്പോഴേക്കും ഉപയോഗിച്ചുവന്ന കോട്ടണ്‍ സര്‍ക്കാര്‍ നിരോധിച്ചുവെന്ന വാദം നിരത്തി പ്രവര്‍ത്തനം അവസാനിപ്പിക്കുകകയായിരുന്നു. ഇതിനുശേഷമാണ്‌ പദ്ധതിയിലെ ക്രമക്കേടിനെപറ്റിയുളള ഓഡിറ്റ്‌ റിപ്പോര്‍ട്ടുപുറത്തുവന്നത്‌. യന്ത്രോപകരണങ്ങള്‍ നഗരസഭയിലെത്തിക്കുമ്പോള്‍ 80 ശതമാനം തുകയും, സ്ഥാപിച്ചതിനുശേഷം മെയിന്റനന്‍സും പൂര്‍ത്തിയാക്കി ബാക്കി തുകയും നല്‍കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ തീരുമാനം അട്ടിമറിച്ച്‌ മുഴുവന്‍ തുകയും ഒന്നിച്ചുനല്‍കിയാതായും റിപ്പോര്‍ട്ടുണ്ട്‌.

2018-19ല്‍ കട്ടപ്പന നഗരസഭ ആവിഷ്‌ക്കരിച്ച ജൈവവള സംസ്‌കരണ പ്ലാന്റും ഫലപ്രദമായി നടപ്പിലാക്കാന്‍ നഗരസഭക്ക്‌ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ അടങ്കല്‍ തുകയായി ആവിഷ്‌കരിച്ച പദ്ധതിക്കായി വാങ്ങിയ ഓര്‍ഗാനിക്ക്‌ വേസ്‌റ്റ്‌ കണ്‍വര്‍ട്ടര്‍ സിസ്‌റ്റമാണ്‌ പ്രവര്‍ത്തിക്കാത്ത്‌. പുളിയന്മലയിലെ ഡബ്ബിംഗ്‌ യാഡിലെ പ്ലാസ്റ്റിക്ക്‌ ഷ്രെഡിംഗ്‌ യൂണിറ്റിനുളളില്‍ മാലിന്യങ്ങള്‍ക്കിടയിലാണ്‌ ഉപകരണം സൂക്ഷിച്ചിരിക്കുന്നത്‌. കോട്ടണ്‍ കാരിബാഗ്‌ യൂണിറ്റ്‌ , ജൈവ വളനിര്‍മാണ പ്ലാന്റ്‌ എന്നിവയില്‍ നടത്തിയ ക്രമക്കേടുകളില്‍ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നുണ്ട്‌.

Share
അഭിപ്രായം എഴുതാം