ഹൈദരാബാദ്: ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള യുവാക്കളെയും വനിത സംരംഭകരെയും പിന്തുണയ്ക്കുന്നതിനായി തെലങ്കാന സര്‍ക്കാറുമായി ഗൂഗിള്‍ ധാരണ പത്രം ഒപ്പിട്ടു. തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ ടി രാമറാവുവിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. ഓണ്‍സൈറ്റായി നടന്ന ചടങ്ങില്‍ രാമറാവും കെട്ടിട രൂപകല്‍പ്പന അനാച്ഛാദനം ചെയ്തു. മൂന്ന് ദശലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് ഇതിനായി നിര്‍മിക്കുന്നത്. തെലങ്കാനയിലെ യുവാക്കള്‍ക്ക് ഗൂഗിള്‍ കരിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിനും ഡിജിറ്റല്‍, ബിസിനസ്, സാമ്പത്തിക നൈപുണ്യ പരിശീലനത്തിലൂടെ സ്ത്രീകള്‍, സംരംഭകര്‍ എന്നിവരെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. പൊതുഗതാഗതവും കാര്‍ഷികമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ യുഎസ് ആസ്ഥാനമായുള്ള ഗൂഗിള്‍ പിന്തുണയ്ക്കും. തെലങ്കാനയും ഗൂഗിളും തമ്മില്‍ ദീര്‍ഘവും ഫലപ്രദവുമായ ബന്ധമുണ്ടെന്നും ലോകത്തില്‍ തന്നെ നിങ്ങളുടെ സാന്നിധ്യം എപ്പോഴും നിലനില്‍ക്കട്ടെയെന്നും ധാരണ പത്രം ഒപ്പിട്ട ശേഷം രാമറാവു പറഞ്ഞു. ഗൂഗിള്‍ തെലങ്കാനയുടെ വളര്‍ച്ചയിലും സാങ്കേതിക വിദ്യയേയും ഐ ടി മേഖലയേയും പിന്തുണയ്ക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയുടെ പ്രതിച്ഛായ മാറ്റുന്നതിന് കമ്പനി കൂടുതല്‍ സഹായിച്ചിട്ടുണ്ടെന്നും രാമറാവു പറഞ്ഞു. ഗച്ചിബൗളിലെ 7.3 ഏക്കറുള്ള ഗൂഗിളിന്റെ കാമ്പസിലൂടെ കമ്പനി തെലങ്കാനയില്‍ തന്റെ വേരുകളുറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ഗൂഗിള്‍ തെലങ്കാന സര്‍ക്കാരുമായി സഹകരിച്ചാണ് പദ്ധതി കൊണ്ടു വന്നത്.
ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള യുവത: തെലങ്കാന സര്‍ക്കാറുമായി ഗൂഗിള്‍ ധാരണ പത്രം ഒപ്പിട്ടു
