കണ്ണൂർ: പുഴയോരഴകുമായി പെരളശ്ശേരി

കണ്ണൂർ: പുഴയോര കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി മുതൽ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലുള്ള മൂന്നുപെരിയയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചെറുമാവിലായി. ഇവിടെ നിന്നും പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റർ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്ര നവോൻമേഷം പകരുന്ന അനുഭവം തന്നെ. ഒരു ഭാഗം കനാലിനാലും മറുഭാഗം കണ്ടൽ കാടുകളാലും ചുറ്റപ്പെട്ട് നിൽക്കുന്ന പ്രദേശമാണിത്. ചെറുമാവിലായി മുതൽ പള്ളിയത്ത് ഒരുങ്ങുന്ന എ കെ ജി ചരിത്ര സ്മാരക മ്യൂസിയം വരെയുള്ള പ്രദേശത്തെ ബന്ധിപ്പിച്ചു കൊണ്ടുള്ള പുഴയോര ടൂറിസം സർക്യൂട്ടിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ചെറുമാവിലായി, എടക്കടവ്, കോട്ടം, പള്ളിയത്ത് തുടങ്ങിയ പ്രദേശങ്ങൾ പദ്ധതിയുടെ ഭാഗമാണ്. പള്ളിയത്ത് പുഴയിലെ തൂക്കുപാലം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്. പുഴയെ തൊട്ടുരുമ്മി നിൽക്കുന്ന അഞ്ച് ഏക്കർ സ്ഥലം പ്രയോജനപ്പെടുത്തി ബോട്ട് സർവീസ്, കയാക്കിങ്, നീന്തൽ പരിശീലനം, റിസോർട്ട് എന്നിവ ലക്ഷ്യമിടുന്നു. സർക്കാരിന്റെയും സ്വകാര്യ വ്യക്തിയുടേതും ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ബോട്ട് ജെട്ടി ഒരുക്കുന്നതിനൊപ്പം പുഴയോട് ചേർന്ന് നിൽക്കുന്ന പ്രദേശം കോൺക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിച്ച് പ്രഭാത സായാഹ്ന സവാരികൾക്കായി പ്രയോജനപ്പെടുത്തും. പള്ളിയത്ത് നാടൻ ഭക്ഷണ കേന്ദ്രം, മത്സ്യ സംഭരണ കേന്ദ്രം, തത്സമയ മത്സ്യബന്ധനം, പൂന്തോട്ടം, ഓപ്പൺ എയർ ഓഡിറ്റോറിയം തുടങ്ങിയ നൂതന ആശയങ്ങൾ നടപ്പിലാക്കാനും ആലോചനയുണ്ട്. ദേശാടന പക്ഷികളുടെ ഇഷ്ട ഇടമായതിനാൽ പുഴക്ക് മധ്യത്തിലെ പൂഴിമണൽ പരപ്പിൽ പക്ഷിത്തൂണുകൾ സ്ഥാപിച്ചാൽ കൂടുതൽ ആകർഷണീയമാകും.
ഉത്തരമലബാറിലെ പ്രസിദ്ധമായ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. എടക്കടവിലെ കണ്ടൽ പാർക്ക് കൂടി യാഥാർഥ്യമായാൽ പ്രദേശം സഞ്ചാരികളാൽ നിറയും. കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ ജന്മസ്ഥലമെന്ന ചിരത്ര പ്രാധാന്യവും പെരളശ്ശേരിക്കുണ്ട്.

Share
അഭിപ്രായം എഴുതാം