കോവിഡ് പ്രതിരോധം : ജില്ലയില്‍ ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

*വാര്‍ഡ്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കോവിഡ് അവലോകനയോഗത്തില്‍ തീരുമാനം.

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകനയോഗത്തില്‍ തീരുമാനം. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളുടെ പരിചരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തദ്ദേശസ്ഥാപനതല ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനായി എല്ലാ വാര്‍ഡുകളിലും റാപിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ അടിയന്തരമായി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നും ഫ്രണ്ട് ഹെല്‍പ് ഡസ്‌കുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കോവിഡ് മുന്‍ തരംഗങ്ങളിലെ പോലെതന്നെ തദ്ദേശസ്ഥാപനതലത്തില്‍ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി തുടരണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡി.സി.സികളും സി.എഫ്.എല്‍.ടി.സികളും സജ്ജമാക്കണമെന്നും തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 15നും 18നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികളെയും വാക്സിനേഷന്‍ പ്രക്രിയയുടെ ഭാഗമാക്കുന്നതിന് ആര്‍.ആര്‍.ടികള്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

അര്‍ഹരായ എല്ലാവര്‍ക്കും കോവിഡ് ധനസഹായം ഉറപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്ന് മന്ത്രിതലയോഗത്തില്‍ നിര്‍ദേശം നല്‍കി. ആംബുലന്‍സുകളുടെ സേവനം, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിന് ആര്‍.ആര്‍.ടികളെ ഉപയോഗപ്പെടുത്തണമെന്നും ആവശ്യമാകുന്ന സാഹചര്യത്തില്‍ ജനകീയ ഹോട്ടലുകളും സമൂഹ അടുക്കളകളും തുടങ്ങണമെന്നും യോഗം നിര്‍ദേശിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍. ടി.കെ വിനീത്, സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജ്ജന്‍ കുമാര്‍, റൂറല്‍ പോലീസ് സൂപ്രണ്ട് ദിവ്യാ.വി.ഗോപിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, റവന്യൂ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം