ഒരു കുടുംബത്തിലെ 3 പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കോന്നി (പത്തനംതിട്ട): ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യനാമൺ പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി സക്കറിയ (52), ഭാര്യ റീന (45), മകൻ റയാൻ (7) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം സോണി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുക യായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2 ദിവസമായി വീട്ടുകാരെ പുറത്തു കാണാത്തതിനാൽ ബന്ധുക്കൾ ഇന്നലെ രാവിലെ ജനൽ തുറന്നു നോക്കിയപ്പോഴാണ് റീനയും റയാനും കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്നതു കണ്ടത്. പൊലീസ് എത്തി വീടിന്റെ വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ സോണിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മക്കളില്ലാതിരുന്ന ഇവർ റയാനെ ദത്തെടുത്ത് വളർത്തുകയായിരുന്നു.

പൊലീസ് പറയുന്നത്: കുവൈത്തിൽനിന്ന് അടുത്ത സമയത്താണ് സോണി നാട്ടിലെത്തിയത്. അവിടെ വച്ചുണ്ടായ അപകടവും സാമ്പത്തിക ബാധ്യതയും മൂലം കടുത്ത വിഷമത്തിലായിരുന്നു. വിഷാദ രോഗത്തിനു ചികിത്സയും തേടിയിരുന്നു. കുറച്ചു നാളുകളായി ബന്ധുക്കളുമായി കാര്യമായ സഹകരണമില്ലായിരുന്നു. വെള്ളിയാഴ്ചയാണ് അവസാനമായി ബന്ധുക്കൾ മൊബൈൽ ഫോണിൽ സംസാരിച്ചത്. വീട്ടിലെ ജോലിക്കാരിയോട് ഇനിമുതൽ വരേണ്ടെന്നും പറഞ്ഞിരുന്നു.

റീനയുടെ കഴുത്തിലും റയാന്റെ കഴുത്തിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. കത്തിയോ മറ്റോ ഉപയോഗിച്ചുള്ള മുറിവാണെന്നു കരുതുന്നു. അതേസമയം, ആയുധം കണ്ടെത്താനായിട്ടില്ല. റീനയുടെയും റയാന്റെയും മൃതദേഹത്തിന് 2 ദിവസത്തെയും സോണിയുടെ മൃതദേഹത്തിന് ഒരു ദിവസത്തെയും പഴക്കമാണുള്ളത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനായി ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Share
അഭിപ്രായം എഴുതാം