വിവാദപരാമർശം; മന്ത്രി സജി ചെറിയാനെതിരെ അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി. വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂർക്കട പൊലീസിലാണ് ഇരുവരും പരാതി നൽകിയിട്ടുള്ളത്.

കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതു പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ കുട്ടിയെ പ്രേമിക്കുക, ഇതു ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോകുക എന്നിങ്ങനെയായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങൾ. പത്രവാര്‍ത്തയടക്കം പരാതിക്കൊപ്പം അനുപമ കൈമാറിയിട്ടുണ്ട്.

പരാതി ലഭിച്ച സാഹചര്യത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം പോലീസ് പരിശോധിക്കും. നിയമോപദേശം കൂടി തേടിയ ശേഷമായിരിക്കും പോലീസ് തുടര്‍നടപടി സ്വീകരിയ്ക്കുക.

“ഇത്രയും നാൾ ഞങ്ങള്‍ വ്യാജ പ്രചരണം കേട്ടു. മന്ത്രി അങ്ങനെ പറഞ്ഞത് ശരിയായ നടപടിയില്ല. പാർട്ടി പിന്തുണയ്ക്കുന്നു എന്നു പറയുമ്പോൾ തന്നെ മന്ത്രി ഇങ്ങനെ പറയുന്നത് ശരിയല്ല. വിഷമമുണ്ട്.” – അനുപമ മാധ്യമങ്ങളോടു പറഞ്ഞു.

Share
അഭിപ്രായം എഴുതാം