പാകിസ്ഥാന്റെ ജയത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഉത്തര്‍പ്രദേശിള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ആഗ്ര: ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ച കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.

ആഗ്രയിലെ രാജാ ബല്‍വന്ത് സിംഗ് എന്‍ജനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

പാകിസ്ഥാന്റെ വിജയമാഘോഷിക്കുന്നത് അച്ചടക്കമില്ലായ്മയാണെന്നും ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ കൈക്കൊള്ളുകയാണെന്നുമാണ് കോളേജ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അര്‍ഷീദ് യൂസഫ്, ഇനായത് അല്‍ത്താഫ്, ഷൗക്കത്ത് ഗനായി എന്നിവരേയാണ് കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജഗദീഷ്പുര പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള പരാതി സ്വീകരിച്ചിട്ടുണ്ടെന്നും, പരാതിയെ അടിസ്ഥാനമാക്കി ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഗ്ര എസ്.പി വികാസ് കുമാര്‍ അറിയിച്ചു.

നേരത്ത, പാകിസ്ഥാന്റെ വിജയമാഘോഷിച്ച ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലേയും, ഷേര്‍ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പഞ്ചാബില്‍ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം