ആര്യൻ ഖാൻ കേസ്; സമീർ വാങ്കഡെയെ വിജിലൻസ് ചോദ്യം ചെയ്യും

മുംബൈ: എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ 27/10/21 ബുധനാഴ്ച വിജിലൻസ് ചോദ്യം ചെയ്യും. മുംബൈ ലഹരികേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വാങ്കഡെയ്ക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടെന്നായിരുന്നു വാങ്കഡെയ്ക്കെതിരായ ആരോപണം. ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസാവി ഷാറൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു കേസിലെ സാക്ഷിയായ പ്രഭാകർ സെയിലിന്റെ ആരോപണം.

ഇതില്‍ 18 കോടി എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും പ്രഭാകർ സെയിൽ കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

വാങ്കഡെയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും രംഗത്തെത്തിയിരുന്നു. ലഹരിക്കേസില്‍ ബോളിവുഡ് താരങ്ങളില്‍ നിന്ന് വാങ്കഡെ പണം തട്ടിയെന്നായിരുന്നു ആരോപണം.

പേര് വെളിപ്പെടുത്താതെ ഒരു എന്‍.സി.ബി ഉദ്യോഗസ്ഥന്‍ അയച്ച കത്തും നവാബ് മാലിക് പുറത്തുവിട്ടിരുന്നു. ദീപിക പദുകോൺ അടക്കമുള്ള ബോളിവുഡ് താരങ്ങളെ വാങ്കഡെ ഭീഷണിപ്പെടുത്തിയെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എൻ.സി.ബി. ഡയറക്ർ ജനറലിന് മന്ത്രി പരാതി അയക്കുകയും ചെയ്തിരുന്നു.അതിനിടെ എൻ.സി.ബി ആസ്ഥാനത്തെത്തി, ഡയറക്റ്റർ ജനറലിനെ വാങ്കഡെ സന്ദർശിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം