ജൂനിയര്‍ ഹോക്കി ലോകകപ്പിന് കാണികളുണ്ടാകില്ല

ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന പുരുഷ വിഭാഗം ജൂനിയര്‍ ഹോക്കി ലോകകപ്പിന് കാണികളുണ്ടാകില്ല. കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണു സംഘാടക സമിതിയുടെ തീരുമാനം. കലിംഗ സ്റ്റേഡിയത്തില്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണു ലോകകപ്പ്. ആതിഥേയര്‍ കൂടിയായ ഇന്ത്യയാണു നിലവിലെ ചാമ്പ്യന്‍. ഹോക്കിക്ക് ഒഡീഷയിലുള്ള പ്രചാരം കണക്കിലെടുത്തു കാണികളെ എണ്ണം നിയന്ത്രിക്കുന്നതു പ്രായോഗികമാകില്ലെന്നു ഹോക്കി ഇന്ത്യ ട്വീറ്റ് ചെയ്തു. ഇന്ത്യയെ കൂടാതെ 16 രാജ്യങ്ങളാണു ലോകകപ്പില്‍ മത്സരിക്കുന്നത്. അര്‍ജന്റീന, ബെല്‍ജിയം, കാനഡ, ചിലി, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ദക്ഷിണ കൊറിയ, മലേഷ്യ, പാകിസ്താന്‍, പോളണ്ട്, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, ഹോളണ്ട്, യു.എസ്.എ. എന്നിവരാണു പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍. ആദ്യ അഞ്ച് ദിവസം പൂള്‍ മത്സരങ്ങളാണ്. ഡിസംബര്‍ ഒന്ന് മുതല്‍ ക്വാര്‍ട്ടര്‍ ഫൈനലുകളും ഡിസംബര്‍ മൂന്നിന് സെമി മത്സരങ്ങളുമാണ്.

Share
അഭിപ്രായം എഴുതാം