ലഖിംപൂർ അക്രമസംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിന് പരാതി

ലഖ്നൗ: എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂർ ഖേരി അക്രമസംഭവങ്ങളിൽ സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്  ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് പരാതി നൽകി.ഉത്തർപ്രദേശിൽ നിന്നുള്ള അഭിഭാഷകരായ ശിവകുമാർ ത്രിപാഠി, സി എസ് പണ്ട എന്നിവരാണ് പരാതി നൽകിയത്.

ഭരണഘടനയുടെ ഇരുപത്തിയൊന്നാം ആർട്ടിക്കിൾ നൽകുന്ന ജീവിക്കുവാനുള്ള അവകാശം വിനിയോഗിച്ച് സമാധാനപരമായി പ്രതിഷേധിച്ച കർഷകർക്ക് നേരെ വാഹനം ഓടിച്ച് കയറ്റി അക്രമം കാണിക്കുകയും നാലു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത സംഭവത്തിൽ സിബിഐയുടെ അന്വേഷണം വേണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒക്ടോബർ മൂന്നാം തീയതി ആയിരുന്നു പരാതിക്ക് ആസ്പദമായ മരണങ്ങളും അക്രമങ്ങളും അരങ്ങേറിയത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ലഖിംപൂർ സന്ദർശിച്ചപ്പോൾ നിരവധി കർഷകർ  പ്രതിഷേധിക്കുകയുണ്ടായി. പ്രതിഷേധിച്ച് മടങ്ങുന്ന കർഷകർക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റിയ സംഭവത്തിൽ നാലു കർഷകർ മരിക്കുകയും തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ മറ്റു നാലു പേർ കൊല്ലപ്പെടുകയും ചെയ്തു.

ബിജെപിയുടെ കേന്ദ്ര ആഭ്യന്തര കാര്യ സഹമന്ത്രി അജയകുമാർ മിശ്രയുടെ മകൻറെ വാഹനമാണ് കർഷകർക്ക് നേരെ പാഞ്ഞുചെന്ന് അപകടമുണ്ടാക്കിയത്.മന്ത്രിയുടെ പുത്രൻ ആശിഷ് മിശ്രയ്ക്കെതിരെ തൂക്കുനിയ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും മന്ത്രിക്കെതിരെ എഫ്ഐആർ രേഖപ്പെടുത്തി കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

Share
അഭിപ്രായം എഴുതാം