കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജില്ലയിലെ പട്ടിക വര്‍ഗസങ്കേതങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ‘വിദ്യാകിരണം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇക്കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയും ഉണ്ടാവില്ല. ഇതിനായി എന്തൊക്കെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമോ അതെല്ലാം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊളളുമ്പോള്‍ അതിനെ പരമാവധി ഉപയോഗിപ്പെടുത്താനാണ് പരിശ്രമിക്കേണ്ടത്. കുട്ടികള്‍ നന്നായി പഠിക്കണമെന്നും  നന്നായി വളരണമെന്നും നമ്മുടെ നാടിന്റെ മാറ്റത്തിന്റെ ഭാഗമായി നമ്മുടെ കുട്ടികള്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. 

സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ പഠനത്തിലേക്ക് പൂര്‍ണ്ണമായും മാറിയപ്പോള്‍ നമ്മുടെ ചിലരെങ്കിലും അതിന്റെ ഭാഗമാകാന്‍ കഴിയാത്ത സാഹചര്യത്തിലാണുള്ളതെന്ന് സര്‍ക്കാര്‍ മനസ്സിലാക്കി. ഇത്തരത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാനോ അത് വേര്‍തിരിവിന് കാരണമാകാനോ പാടില്ല എന്ന തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. 

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൊബൈല്‍ റേഞ്ചോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഉണ്ടാവില്ല. ഓണ്‍ലൈന്‍ പഠനത്തില്‍ പ്രധാന തടസ്സമായി കണ്ടത് ഇതാണ്. ഇത് മറികടക്കാന്‍ വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായി വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണ്. സന്നദ്ധ സംഘടനങ്ങളും അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളും ഇതിന്റെ ഭാഗമായി ചേര്‍ന്നതോടുകൂടി കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡിന്റെ അന്തരം വളരെ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന് സാധ്യമാകുന്ന തരത്തില്‍ സംവിധാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. 

ബിഎസ്എന്‍എലുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടം ‘വിദ്യാകിരണം’ പദ്ധതി നടപ്പാക്കുന്നത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മേലേ പൊന്നാങ്കയം, മഞ്ഞക്കടവ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പനക്കച്ചാല്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാത്തിപ്പാറ, വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ പന്നിയേരി, കുറ്റല്ലൂര്‍, മാടഞ്ചേരി കോളനികളിലാണ് പദ്ധതി നടപ്പാക്കുക.

ചടങ്ങില്‍ ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായവ മേഴ്സി പുളിക്കാട്ട്, ജോസ് തോമസ്, അലക്സ് തോമസ്, സുരയ്യ ടീച്ചര്‍, ബിഎസ്എന്‍എല്‍ സബ്ഡിവിഷണല്‍ എഞ്ചിനിയര്‍ നിഷാന തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി സ്വാഗതവും ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ സയിദ് നയിം നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം