തിരുവനന്തപുരം: നോക്കുകൂലിക്കും മിന്നൽ പണിമുടക്കിനുമൊപ്പം ഇല്ല; ഉത്പാദന ക്ഷമത വർധിപ്പിക്കാൻ നടപടി

*വ്യവസായ വളർച്ചക്കും തൊഴിൽ സൃഷ്ടിക്കും സർക്കാരിന് പിന്തുണയറിയിച്ച് തൊഴിലാളി സംഘടനകൾ
തിരുവനന്തപുരം: നോക്ക്കൂലിയും മിന്നൽ പണിമുടക്കും ഉൾപ്പെടെ വ്യവസായ രംഗത്ത് നിലവിലുള്ള അരാജക പ്രവണതകൾ അവസാനിപ്പിക്കുന്നതിന് മുൻ കൈയെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. വ്യവസായ വളർച്ചയെ തടസപ്പെടുത്തുന്ന രീതികൾ അവസാനിപ്പിക്കുന്നതിനൊപ്പം തൊഴിലാളികളുടെ ഉത്പാദന ക്ഷമത ഉയർത്താനുള്ള സർക്കാർ നടപടികൾക്കൊപ്പം നിൽക്കുമെന്നും അംഗീകൃത സംഘടനകൾ അറിയിച്ചു. വ്യവസായമന്ത്രി പി.രാജീവ് വിളിച്ചു ചേർത്ത തൊഴിലാളി സംഘടനകളുടെ യോഗത്തിൽ, വ്യവസായ വളർച്ച ലക്ഷ്യമിട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് അവർ പിന്തുണയും അറിയിച്ചു. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്നതാണ് സർക്കാർ നയമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ഉത്പാദന ക്ഷമത ഉയർത്തുന്നതിന് സമഗ്രമായ പരിശീലനപരിപാടികൾ ആവിഷ്‌കരിക്കും. കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ നൈപുണ്യവികസന പരിപാടി സംഘടിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളും ഉപയോഗിക്കും. കോഴിക്കോട് ഐ.ഐ.എമ്മിൽ പൊതുമേഖലയിലെ മാനേജ്‌മെന്റ് ജീവനക്കാർക്കായി പരിശീലനം നൽകും.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കും. അടഞ്ഞുകിടക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സ്ഥലം ഉപയോഗിക്കണമെന്നാണ് സർക്കാർ തീരുമാനം. പരമ്പരാഗത വ്യവസായങ്ങളിൽ മൂല്യവർധനയും വൈവിധ്യവത്ക്കരണവും നടപ്പാക്കും. ഈ സർക്കാർ ചുമതലയേറ്റ ശേഷം 3247 എം.എസ്.എം. ഇ യൂണിറ്റുകളും 373 കോടി രൂപയുടെ നിക്ഷേപവും പുതുതായി വന്നു. 13209 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചയും തൊഴിലവസരവും സൃഷ്ടിക്കാനുള്ള സർക്കാർ നടപടികൾക്ക് ട്രേഡ് യൂണിയനുകൾ പിന്തുണ നൽകുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി പറഞ്ഞു. നോക്കുകൂലി അനുവദിക്കാനാവില്ല. കരാർ തൊഴിലാളികളുടെ നിയമനത്തിൽ തൊഴിലാളി സംഘടനകൾ ഇടപെടില്ല. മികവും ജോലിയിലെ പ്രകടനവും മാത്രം അടിസ്ഥാനമാക്കി എം.ഡി മാരെ നിയമിക്കണമെന്നും എളമരം കരിം പറഞ്ഞു.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറുന്നതിനും തൊഴിലവസരം സൃഷ്ടിക്കുന്നതിനും യോജിച്ച് പ്രവർത്തിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഉത്പാദന ക്ഷമതാ വർധനവിനെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണം. വ്യവസായ വളർച്ചയും ട്രേഡ് യൂണിയനുകളുടെ പങ്കും വ്യക്തമാകാൻ ശിൽപശാല സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത വ്യവസായ മേഖലയ്ക്കാണ് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കാൻ കഴിയുകയെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു. വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുടെ അഭിപ്രായം ശേഖരിക്കുന്നതിന് ഒരു സ്റ്റാറ്റിയൂട്ടറി സമിതി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ടെക്‌സ്‌റ്റൈൽ മില്ലുകളുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത് ആവശ്യപ്പെട്ടു. തൊഴിലും വികസനവും എന്ന സർക്കാർ കാഴ്ചപ്പാട് സ്വാഗതാർഹമാണെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള പറഞ്ഞു. അടച്ചുപൂട്ടിയ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, സേവ കേരള സെക്രട്ടറി സോണിയ ജോർജ്ജ്,  ടി.ബി. മിനി (ടി.യു.സി.ഐ), ജോസ് പുത്തൻകാല (കെ.ടി.യു.സി), വി.കെ. സദാനന്ദൻ എന്നിവർ വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ.കെ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരും സംസാരിച്ചു.

Share
അഭിപ്രായം എഴുതാം