‘രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടില്ല’; നിലപാടിലുറച്ച് ഉമ്മന്‍ ചാണ്ടിയ്ക്ക് അമര്‍ഷം

കോട്ടയം: ഡി.സി.സി പുന:സംഘടന വിവാദത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലാപടില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അമര്‍ഷം. രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു.

ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അന്ന് വി.ഡി. സതീശനും ഒപ്പമുണ്ടായിരുന്നു. രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നുമാണ് ഉമ്മന്‍ചാണ്ടി നിലപാടെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു.

ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ കാണിച്ചത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരസ്യ പ്രതികരണത്തിന് ഉമ്മന്‍ചാണ്ടി തയാറായിട്ടില്ല.

സുധാകരനുമായി സംസാരിച്ചശേഷം പരസ്യമായി പ്രതികരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നാണ് സൂചന.

അതേസമയം ഡി.സി.സി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നാണ് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെന്നാണ് സുധാകരന്‍ പറയുന്നത്.

ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം.

Share
അഭിപ്രായം എഴുതാം