രാത്രികാലങ്ങളിലെ ഫോൺകോൾ .. നാൽപതോളം സ്ത്രീകളെ വരെ ഒറ്റ രാത്രിയിൽ ശല്യം ചെയ്യുന്ന ഹരിയാനൻ മലയാളി

കോട്ടയം : ഉറക്കമിളച്ച് ഒറ്റരാത്രികൊണ്ട് നാല്പതോളം സ്ത്രീകളെ വരെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന ഹരിയാനയിലെ മലയാളിയെ പോലീസ് കണ്ടെത്തി.രാവും പകലുമില്ലാതെ സ്ത്രീകളെ ഫോൺ വിളിച്ച് ശല്യം ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഹരിയാനയിൽ ജോലിചെയ്യുന്ന നമ്പ്യാകുളം സ്വദേശിയായ വില്ലനെ കണ്ടെത്തിയത്.

രാത്രികാലങ്ങളിൽ നിരന്തരമായി ജില്ലയിലെ ആർപ്പൂക്കര, അമ്മഞ്ചേരി, മണിയാപറമ്പ്, അതിരമ്പുഴ എന്നിവിടങ്ങളിലെലാൻഡ് ഫോണുകളിലേക്ക് ഫോൺ കോൾ വന്നു കൊണ്ടിരുന്നത്. ഈ കോളുകൾ സ്ത്രീകളാണ് എടുക്കുന്നതെങ്കിൽ അശ്ലീലം പറയുന്നതായിരുന്നു പതിവ്. ഇത്തരത്തിൽ ഫോൺ എടുത്ത ഒരു അധ്യാപികയാണ് പോലീസിനെ സമീപിച്ച് കൊണ്ട് പരാതി നൽകിയത്.

അധ്യാപികയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽകണ്ടെത്തിയ ആളിന്റെ ഫോൺ രേഖകൾ പരിശോധിച്ച പോലീസുകാർ ഞെട്ടി. ഇയാൾ രാത്രികാലങ്ങളിൽ 30 മുതൽ 40 തവണയാണ് പതിവായി ഇങ്ങനെ ഫോൺ വിളിക്കുന്നത്. സമാനമായ ഒട്ടേറെ പരാതികളാണ് റിപ്പോർട്ട് ചെയ്യുന്നത്.

വാകത്താനം വീട്ടമ്മ നേരിടേണ്ടി വന്ന അനുഭവം.

കോട്ടയം വാകത്താനം സ്വദേശിയായ വീട്ടമ്മയ്ക്ക് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. ഈ വീട്ടമ്മയുടെ ഫോൺ നമ്പർ ചില സാമൂഹ്യദ്രോഹികൾ ലൈംഗികത്തൊഴിലാളിയുടെതെന്ന പേരിൽ ശൗചാലയങ്ങളിലും മറ്റും എഴുതി വെച്ച് പ്രചരിപ്പിക്കുകയും അതേത്തുടർന്ന് കുടുംബം പോറ്റാൻ തുന്നൽ ജോലി ചെയ്യുന്ന വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് രാപകലില്ലാതെ ഫോൺവിളികൾ എത്തി. സഹികെട്ട് വീട്ടമ്മ പോലീസിൽ പരാതി നൽകിയെങ്കിലും ഫോൺ നമ്പർ മാറ്റാനായിരുന്നു പോലീസുകാരുടെ നിർദ്ദേശം.

നമ്പർ മാറ്റിയാൽ തൻറെ തുന്നൽ ജോലിക്ക് പ്രശ്നമാകുമോ എന്ന് വീട്ടമ്മ ഭയപ്പെടുകയും ഒടുവിൽ സഹികെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ടതോടെ പോലീസ് ഉണരുകയും വീട്ടമ്മയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തവരെ പിടികൂടുകയും ചെയ്തു.

സന്ദർശക ഡയറിയിൽ ഫോൺനമ്പർ എഴുതിയത് വിനയായ മറ്റൊരു വീട്ടമ്മ.

കോവിഡ് മാനദണ്ഡപ്രകാരം കോട്ടയം നഗരസഭയുടെ സന്ദർശക ഡയറിയിൽ ഫോൺ നമ്പർ എഴുതി മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു വീട്ടമ്മക്ക് രാവും പകലും നിർത്താതെ ഫോൺവിളി എത്തുകയായിരുന്നു. നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്തുകൊണ്ട് മാന്യമായ രീതിയിൽ ആയിരുന്നു സംസാരത്തിന് തുടക്കമെങ്കിലും ശേഷം വീട്ടമ്മയുടെ കുടുംബ വിവരങ്ങൾ ചോദിച്ചറിയുകയും ഭർത്താവ് ജീവിച്ചിരിപ്പില്ല എന്നറിഞ്ഞതോടെ നിരന്തരം വിളി എത്തുകയുമായിരുന്നു. സംസാരത്തിന്റ സ്വഭാവം മാറി വരുന്നത് ശ്രദ്ധിച്ച വീട്ടമ്മ പോലീസിന് പരാതി നൽകുകയായിരുന്നു. പോലീസ് ഒരു തവണ ആ നമ്പറിലേക്ക് വിളിച്ചതോടെ നമ്പർ ഓഫ് ആവുകയും പിന്നീട് ഫോൺ വഴിയുള്ള ശല്യം ഉണ്ടായിട്ടുമില്ല. വ്യാജ വിലാസത്തിലെടുത്ത എടുത്ത ഫോൺ നമ്പർ ആണെന്ന് പോലീസ് കണ്ടെത്തി.

പാമ്പാടിയിലെ വീട്ടമ്മ.

രണ്ടാഴ്ച മുൻപ് പാമ്പാടിയിലെ വീട്ടമ്മയ്ക്ക് അബദ്ധത്തിൽ വന്ന് ഒരു ഇന്റർനെറ്റ് ഫോൺ കോൾ ആണ് ഒടുവിൽ പോക്സോ കേസിലെത്തിയത്. വിദേശത്തുള്ള ബന്ധുവാണെന്ന് കരുതി വീട്ടമ്മ സംസാരിക്കുകയും ഫോൺ വിളിച്ച ആൾ വിദേശത്തുള്ള ബന്ധുവായി അഭിനയിക്കുകയും ചെയ്തു.

പിന്നീട് ഇയാൾ വീണ്ടും വിളിച്ചപ്പോൾ 11 വയസ്സുള്ള മകൾ ഫോൺ എടുക്കുകയും കുട്ടിയുമായി പരിചയത്തിൽ ആയതോടെ ഓൺലൈൻ ക്ലാസ് സമയത്ത് ഇയാൾ പതിവായി കുട്ടിയെ വിളിച്ചു തുടങ്ങുകയും ആയിരുന്നു. കുട്ടിയിൽ നിന്നും കുട്ടിയുടെ ഫോട്ടോകൾ കൈക്കലാക്കി അത് വീട്ടിലേക്ക് അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ഇൻറർനെറ്റ് കോൾ ആയതിനാൽ ലൊക്കേഷൻ കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ വർക്കല സ്വദേശിയായ പ്രതിയെ മലേഷ്യയിൽ നിന്നും ചെന്നൈയിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം