ജയിലിനുള്ളില്‍ കൊവിഡ് വ്യാപനം രൂക്ഷം; മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരെ ജയില്‍ നിവാസികളുടെ കലാപം

നയ്പിഡോ: പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി മ്യാന്‍മറിലെ ജയില്‍ നിവാസികള്‍. യാങ്കണിലെ ജയിലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊവിഡ് രോഗം ജയിലിനുള്ളിലും നിയന്ത്രണാതീതമായി വ്യാപിച്ച സാഹചര്യത്തിലാണ് ജയിലിലെ അന്തേവാസികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.

മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ജയില്‍ നിവാസികള്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. യാങ്കണിലെ ജയിലിന് പുറത്ത് തടിച്ചുകൂടിയ ജനങ്ങള്‍ മുദ്രാവാക്യ ശബ്ദങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ജയിലിനുള്ളിലെ കലാപത്തെപ്പറ്റി പുറംലോകം അറിഞ്ഞത്.

സ്ത്രീ തടവുകാരുടെ ബ്ലോക്കില്‍ നിന്നാണ് പ്രക്ഷോഭം ആദ്യമുണ്ടായതെന്ന് തായ്‌ലന്റ് ആക്ടിവിസ്റ്റ് ഗ്രൂപ്പായ എ.എ.പി.പി. പറയുന്നു. തുടക്കത്തില്‍ സ്ത്രീ തടവുകാരുടെ പ്രക്ഷോഭത്തെ ജയിലിലെ ചില ജീവനക്കാര്‍ പിന്തുണയ്ക്കുകയും ചെയ്തതായി എ.എ.പി.പി. റിപ്പോര്‍ട്ടില്‍ പറയുന്നു.

മ്യാന്‍മറില്‍ പട്ടാളഭരണകൂടം അധികാരത്തിലേറിയതിന് പിന്നാലെ രാജ്യം കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പട്ടാള ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 75ലധികം കുട്ടികളെന്ന് കഴിഞ്ഞദിവസം യു.എന്‍. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആയിരത്തിലധികം കുട്ടികള്‍ മ്യാന്‍മറില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്‌ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്.

ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു. പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധവുമായെത്തിയവരെ സേന അതിക്രൂരമായാണ് നേരിട്ടത്. നിരവധി പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ ജയിലിലാവുകയും ചെയ്തു.

അതിനിടെ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്‍മറില്‍ പട്ടിണിയെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടമരണം നേരിടേണ്ടി വരുമെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share
അഭിപ്രായം എഴുതാം