ആലപ്പുഴ: ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പെരുമ്പളം

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളെയും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എസ്.ബി.വൈ) അപകട ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. 18 വയസു മുതൽ 70 വയസുവരെയുള്ളവർക്ക് രണ്ടു ലക്ഷം രൂപവരെ അപകട ഇൻഷുറൻസ് ലഭിക്കും. പഞ്ചായത്തിലെ നിർധനരായവരുടെ പ്രീമിയം തുക എസ്.ബി.ഐ.യാണ് അടച്ചത്. 
സമഗ്ര ഗ്രാമവികസന പദ്ധതി ആവിഷ്‌ക്കരിച്ച് പെരുമ്പളത്തെ മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിനായി പഞ്ചായത്തിലെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നബാർഡും ലീഡ് ബാങ്കും ചേർന്ന് സർവേ നടത്തിയിരുന്നു.

പെരുമ്പളത്തെ മുഖ്യധാരയിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആദ്യ നടപടിയെന്ന നിലയിലാണ് ബാങ്ക് അ്ക്കൗണ്ട് ഉടമകളെയെല്ലാം അപകട ഇൻഷുറൻസിൽ ഉൾപ്പെടുത്തിയത്.  ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിൽ അഡ്വ. എ.എം. ആരിഫ് എം.പി. പ്രഖ്യാപനം നിർവഹിച്ചു. ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി ആശയ്ക്ക് സാക്ഷ്യപത്രം കൈമാറി. എസ്.ബി.ഐ. ജനറൽ മാനേജർ അരവിന്ദ് ഗുപ്ത, എസ്.ബി.ഐ റീജണൽ മാനേജർ കെ.എ. ജൂഡ് ജരാർത്, നബാർഡ് ജില്ലാ ഓഫീസർ ടി.കെ. പ്രേംകുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജു എന്നിവർ പങ്കെടുത്തു. സമഗ്രവികസന പദ്ധതിയുടെ ഭാഗമായി നൈപുണ്യവികസനം, സ്വയംതൊഴിൽ, ചെറുകിട-ഇടത്തരം സംരംഭ പദ്ധതികൾ നടപ്പാക്കാനും മൃഗസംരക്ഷണം, കോഴി വളർത്തൽ, മത്സ്യബന്ധനം എന്നിവ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. കൂടുതൽ തൊഴിലും വരുമാനവും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →