പരിസ്ഥിതിയും വനംസംരക്ഷണവും അന്നമൂട്ടുന്ന കര്‍ഷകന്റെ നെഞ്ചില്‍ ചവിട്ടിയാണോ?

വനംകൊളളക്കാരെന്നും കയ്യേറ്റക്കാരെന്നുമുളള അധിക്ഷേപം ഇടുക്കി നിവാസികള്‍ക്കുമേല്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ന്നുവന്നപ്പോഴും, ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ പ്രശ്നങ്ങള്‍ സജീവമായിരുന്നപ്പോഴും, പ്രളയ കാലത്തുമെല്ലാം ഈ പേരുദോഷം കേട്ട് മനംനൊന്ത് നടന്നവരാണ് ഇടുക്കിക്കാര്‍.

വനമേഖലയില്‍ ജനമെത്തിയതിന് പലവിധ കാരണങ്ങളുണ്ട്. ഒന്ന് ചരിത്രപരമായി ഇങ്ങോട്ടേക്കെത്തിയവര്‍, രണ്ട് രാജഭരണകാലത്തും ബ്രിട്ടീഷിന്ത്യയിലും പ്രോത്സാഹനം നല്‍കി താമസിപ്പിച്ചവര്‍, മൂന്ന് സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ സര്‍ക്കാര്‍ ധനസഹായവും ഭൂമി പതിവും നല്‍കി കൊണ്ടുവന്നവര്‍, നാല് ഭക്ഷ്യക്ഷമാമവും പട്ടിണിയും മൂലം മറ്റൊരു പോംവഴിയുമില്ലാതെ ഇങ്ങോട്ടെത്തിയവര്‍ പിന്നെ വനം കയ്യേറിയും തുച്ഛവിലക്ക് മറ്റുളളവരുടെ ഭൂമി ഏറ്റെടുത്തും മറിച്ചു വിറ്റും പണമുണ്ടാക്കിയ പ്രമാണിമാര്‍. അന്നത്തെ ഭൂമാഫിയ. ഇവര്‍ക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്ത വനം റവന്യൂ ഉദ്യോഗസ്ഥന്മാര്‍. വനംകയ്യേറ്റക്കാര്‍ എന്ന ദുഷ്പേര് എല്ലാവര്‍ക്കും ചാര്‍ത്തികൊടുത്തത് ഇവരാണ്.

പശ്ചിമഘട്ട മലനിരകള്‍ ഏലത്തിന്റെ ഉത്ഭവ സ്ഥാനമാണ്. അനുകൂല കാലാവസ്ഥയില്‍ വനാന്തരങ്ങളില്‍ ഏലം സമൃദ്ധമായി വളര്‍ന്നിരുന്നു. സൈന്യം ആദിവാസികളെ ഉപയോഗപ്പെടുത്തി ഏലം ശേഖരിച്ച് പാറകളില്‍ ഉണക്കിയെടുത്ത് കൊണ്ടുപോയിരുന്നു. ഹൈറേഞ്ചില്‍ പാറ ചേര്‍ത്തുള്ള സ്ഥലനാമങ്ങള്‍ ധാരാളമായത് ഇക്കാരണത്താലാണ്. കുമളി ചുരത്തിന് വടക്കും, പെരിയാറിന് കിഴക്കും, ദേവികുളത്തിന് തെക്കും ഇന്നത്തെ തമിഴ്നാടിന് വടക്കുമുളള ഏലമലകളാണ് ഹൈറേഞ്ച് എന്ന വിളിപ്പേരിലുളളത്. 1822ല്‍ തിരുവിതാംകൂര്‍ റാണി ലക്ഷ്മിഭായി ഏലമലകള്‍ സര്‍ക്കാര്‍ കുത്തകയായി പ്രഖ്യാപിച്ചു. വനവിഭവമായിരുന്ന ഏലം അന്നുമുതല്‍ കാര്‍ഷികവിളയായി മാറുകയും കുടിയേറ്റം തുടങ്ങുകയും ചെയ്തു. ബ്രിട്ടീഷ് ഭരണം തോട്ടം നിര്‍മാണത്തില്‍ ശ്രദ്ധ ചെലുത്തിയത് കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. കീഴ്മലൈനാട് രാജവംശം തൊടുപുഴക്കടുത്ത് കാരിക്കോട് കേന്ദ്രമാക്കി ഭരണം നടത്തുമ്പോള്‍ അണ്ണായികിണ്ണം -കിളിയറ വഴി മധുരയിലേക്ക് പ്രാചീന വ്യാപാര പാത ഉണ്ടായിരുന്നു.

ഒന്നാം ലോകമഹായുദ്ധം ലോകമെങ്ങും സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കി. 1930-കളില്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടു. ബംഗാളില്‍ ലക്ഷങ്ങള്‍ പട്ടിണികൊണ്ട് മരിച്ചു. അമ്പലപ്പുഴ, ചേര്‍ത്തല പ്രദേശങ്ങളില്‍ പട്ടിണിമൂലം ആയിരങ്ങളാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് ഹൈറേഞ്ചിലേക്കുളള കുടിയേറ്റം ശക്തി പ്രാപിക്കുന്നത്. ഹൈറേഞ്ച് ഭാഗം തമിഴ്നാടിന്റെ ഭാഗമാകാതിരിക്കാന്‍ രാജഭരണം തിരുവിതാംകൂറിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു.

ഹൈറേഞ്ചിലെ കുടിയേറ്റ കവാടമായ ഉപ്പുതറയില്‍ 1910 ല്‍ മീനച്ചില്‍ താലൂക്കില്‍ നിന്നുളളവര്‍ കുടിയേറി താമസം തുടങ്ങിയിരുന്നു. ഇക്കാലത്താണ് വണ്ടന്മേട് പകുതിയിലെ ചക്കുപളളം, കല്‍ത്തൊട്ടി താവളങ്ങളില്‍ ഭൂമി പതിച്ചുകൊടുക്കാന്‍ വിളംബരം ഉണ്ടായതും ഭൂമി പണ്ടാരപ്പാട്ടം നല്‍കിയതും. കരിവെളളൂരും കാവുമ്പായിയുമടക്കം കര്‍ഷകര്‍ പലയിടങ്ങളിലും കലാപത്തിനിറങ്ങി. ഭക്ഷ്യവിളകള്‍ ഉത്പ്പാദിപ്പിക്കാനുളള പദ്ധതി ആഗോളതലത്തില്‍ തന്നെ രൂപം കൊണ്ടു. ബ്രിട്ടീഷ് ഭരണവും ആ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങുന്നത് 1956 ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടതിന് ശേഷമാണ് ഊര്‍ജ്ജിത ഭക്ഷ്യോത്പ്പാദന പദ്ധതിയുടെ ഭാഗമായാണ് കല്ലാര്‍ പട്ടം കോളനിയും, നാഞ്ചിനാട് (മറയൂര്‍)കോളനിയും ചരിത്രത്തില്‍ ഇടം നേടുന്നത്.

1940-50 കാലത്ത് ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കില്‍പ്പെട്ട പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലം കര്‍ഷകര്‍ക്ക് പതിച്ചുനല്‍കി. ഹൈറേഞ്ചിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും ആരംഭിച്ച കുടിയേറ്റം കിഴക്കന്‍ ഭാഗത്തേക്ക് വ്യാപിച്ചു. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തമിഴ്നാട് അതിര്‍ത്തിവരെയെത്തി അങ്ങനെ ഉപ്പുതറയില്‍ നിന്നും തോണിത്തടി, അയ്യപ്പന്‍കോവില്‍, മേരികുളം, മാട്ടുക്കട്ട, സ്വരാജ്, ലബ്ബക്കട കാഞ്ചിയാര്‍, കട്ടപ്പന, ഇരട്ടയാര്‍, കാമാക്ഷി, തങ്കമണി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 1950ന്റെ തുടക്കത്തിലാണ് കട്ടപ്പനയില്‍ ജനവാസം സജീവമാകുന്നത്. 1950ല്‍ 3000 ഏക്കര്‍ സ്ഥലം കട്ടപ്പന- വെളളയാംകുടി ഭാഗങ്ങളില്‍ പതിച്ചുനല്‍കി. 1957 ആയപ്പോഴേക്കും കൊച്ചുതോവാള, ഇരട്ടയാര്‍, ശാന്തിഗ്രാം,വലിയതോവാള, എഴുകും വയല്‍ എന്നിവിടങ്ങളിലേക്കും കുടിയേറ്റം വ്യാപിച്ചു. ചെറുതോണി, വാഴത്തോപ്പ്, പൈനാവ് പ്രദേശങ്ങളിലേക്കും കുടിയേറ്റക്കാര്‍ എത്തി. ഇടുക്കി പദ്ധതിയുമായി ബന്ധപ്പെട്ട 1956 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ പുരോഗമിക്കുന്തോറും കര്‍ഷകന്റെ നെഞ്ചിലെ കനലും എരിയാന്‍ തുടങ്ങി. 1961ലെ അയ്യപ്പന്‍കോവില്‍ കുടിയിറക്കും, എകെജിയുടെ അമരാവതി സത്യാഗ്രഹവും എല്ലാം ചരിത്ര പാഠങ്ങള്‍. ചുരുളിയും കീരിത്തോടുമെല്ലാം അമരാവതി സമരത്തിന്റെ തുടര്‍ച്ചകള്‍.

രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലും തളളി കാട്ടാനയോടും , കാട്ടുപോത്തിനോടും മലമ്പാമ്പിനോടും യുദ്ധം ചെയ്ത്, കാഞ്ഞാറില്‍ നിന്നും ഉപ്പുതറവരെ നടന്നെത്തുന്ന കുടിയേറ്റകര്‍ഷകരുടെ ദുരിതത്തെക്കുറിച്ച് എപ്പോഴെങ്കിലും അവരെ ആക്ഷേപിക്കുന്നവര്‍ ആലോചിച്ചിട്ടുണ്ടോ? രാത്രികാലങ്ങളില്‍ ഏതെങ്കിലും മരത്തിന്റെ മുകളില്‍ കയറി ഉടുമുണ്ട് പറിച്ച് ദേഹവും മരവും കൂട്ടിക്കെട്ടിയിരുന്ന് മഴയിലും മഞ്ഞിലും തണുത്തുറഞ്ഞ് , ഭയന്നുവിറച്ച് നേരം വെളുപ്പിച്ച് യാത്ര തുടരുന്ന കര്‍ഷകന്റെ നെഞ്ചിലെ തീക്കനല്‍ചൂട് അറിഞ്ഞിട്ടുണ്ടോ ?

പത്തും പതിനഞ്ചും പേര്‍ സാധനങ്ങളും പേറി കൂട്ടമായി നടന്നുനീങ്ങുമ്പോള്‍ കാടിന്റെ മറവില്‍ നിന്നും കാട്ടാന വന്ന് കാലില്‍ പിടിച്ച് നിലത്തടിച്ചുകൊന്ന കര്‍ഷകന്റെ ദുരന്തകഥ കേട്ടിട്ടുണ്ടോ? .1924ലെ മഹാപ്രളയത്തില്‍ മണ്ണിനടയിലായ പഴയമൂന്നാറില്‍ എത്ര മനുഷ്യ ജീവന്‍ മണ്ണിടിയില്‍ പുതഞ്ഞിട്ടുണ്ടാവും. മണ്ണിടിച്ചിലും ഉരുല്‍ പൊട്ടലിലും മരണപ്പെട്ടവര്‍ക്ക് കയ്യും കണക്കുമുണ്ടോ? പാമ്പുകടിച്ചും മരംമറിഞ്ഞുവീണും മരിച്ചവര്‍. മലമ്പനിയും പ്ലേഗും വന്ന് മരിച്ചവര്‍, എത്രയായി. ഇതിന്റെയെല്ലാം ശോകഭാരം പേറുന്നവരാണ് പില്‍ക്കാല തലമുറയില്‍ പെട്ടവര്‍.

രാഷ്ട്രീയപ്രവർത്തകനും കവിയും കുടിയേറ്റ കർഷകനുമാണ് ലേഖകൻ
ഫോൺ : 9447193555

Share
അഭിപ്രായം എഴുതാം