തലശേരി: മര്‍ദനമേറ്റ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പിനായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. പിണറായി പാനുണ്ട ചക്യത്ത്മുക്കിലെ പുതിയവീട്ടില്‍ ജിംനേഷ് (30) ആണ് 25/07/22 പുലര്‍ച്ചെ തലശേരിയിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ പി.വി ജിഷ്ണു, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ എ. ആദര്‍ശ്, ടി.അക്ഷയ്, കെ.പി ആദര്‍ശ് എന്നിവരായിരുന്നു ചികിത്സതേടി ആശുപത്രിയിലെത്തിയത്.എന്നാല്‍ ജിംനേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രാത്രിയോടെ പുറത്തുവന്നു.
എരുവട്ടി പാനുണ്ടയില്‍ വച്ച് ഞായറാഴ്ച വൈകിട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സി.പി.എം ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും മര്‍ദനമേറ്റവരില്‍ ജിംനേഷുമുണ്ടായിരുന്നുവെന്നാണ് ആര്‍.എസ്.എസ് ആരോപിക്കുന്നത്. ഇതിനിടെ സി.പി.എം എരുവട്ടി ലോക്കല്‍ കമ്മിറ്റിയംഗം കെ. നിവേദ്, പ്രവര്‍ത്തകന്‍ സി.രംനേഷ് എന്നിവരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദിച്ചെന്നാണ് സി.പി.എമ്മും ആരോപിക്കുന്നത്. രണ്ടുപേരും തലശേരിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ടായിരുന്നു സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നടന്നത്. പരുക്കേറ്റ ഇരുകൂട്ടരുടെയും പരാതിയില്‍ പിണറായി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍ ജിംനേഷിന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് ഡോക്ടറുടെ മൊഴിയെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.പി.ആര്‍. കൊടുക്കുമ്പോള്‍ ഉണ്ടായ പാടുകള്‍ മാത്രമാണുണ്ടായതെന്നും ശരീരത്തില്‍ മര്‍ദനമേറ്റതായുള്ള പരുക്കുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി മോഹനന്റെയും ഒ.പി അജിതയുടെ മകനാണ് ജിംനേഷ്.