കോഴിക്കോട്: ശിശു വികാസ് ഭവന്‍ പ്രവർത്തനം മുണ്ടിക്കല്‍ താഴത്തേക്ക് മാറ്റി

കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലെ  ശിശു വികാസ് ഭവന്‍ പ്രവർത്തനം ജൂലായ് ഒന്ന് മുതല്‍ മുണ്ടിക്കല്‍താഴം നടപ്പാലത്തിനടുത്തേക്ക് മാറ്റിയതായി ശിശുക്ഷേമ സമിതി അറിയിച്ചു. അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്നതും മാതാപിതാക്കള്‍ നിയമപരമായി രക്ഷാകര്‍തൃത്വം ഒഴിയുന്നതുമൂലവും സംരക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ പരിചരണ കേന്ദ്രമാണിത്. പ്രത്യേക പരിചരണം ആവശ്യമുള്ള പത്തു കുട്ടികളാണ് മെഡിക്കല്‍ കോളേജിന് സമീപമുള്ള  ശിശു വികാസ് ഭവനില്‍ ഉള്ളത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പരിചരണ കേന്ദ്രത്തിന് സ്വന്തമായ സ്ഥലവും കെട്ടിടവും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.  2018 ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത് ജില്ലാ ശിശുക്ഷേമ സമിതിയാണ്.
 
കോവിഡ് കാല മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള കൗണ്‍സിലിംങ്ങ് ആവശ്യമുള്ളവര്‍ക്ക് തണല്‍ കോള്‍ സെന്റര്‍ മുഖേന 1517 ടോള്‍ ഫ്രീ നമ്പറിലൂടെ ലഭ്യമാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് ആദ്യവാരത്തില്‍ പോസ്റ്റര്‍ രചന, സ്വാതന്ത്ര്യ സമര പ്രശ്‌നോത്തരി എന്നിവ നടത്തുമെന്നും സംസ്ഥാന ജോയന്റ് സെക്രട്ടറി മീരാ ദര്‍ശക്, ജില്ലാ സെക്രട്ടറി വി.ടി.സുരേഷ് എന്നിവര്‍  അറിയിച്ചു.
ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്ക് മെഡിക്കല്‍ കെയര്‍ കിറ്റുകളും ശുചിത്വ കിറ്റുകളും ക്രമീകരിക്കാന്‍ സഹകരിക്കണമെന്നാഗ്രഹിക്കുന്ന സന്നദ്ധ സംഘടനകളും വ്യക്തികളും ബന്ധപ്പെടേണ്ട നമ്പര്‍ 9495 500 074.

Share
അഭിപ്രായം എഴുതാം