കോഴിക്കോട്: ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തമാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

കോഴിക്കോട്: കുട്ടികളിലും യുവാക്കളിലും മയക്ക് മരുന്ന് ദുരുപയോഗം കൂടുന്ന പശ്ചാത്തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.  ജില്ലാ സാമൂഹ്യ നീതി ഓഫീസ്  “മോചനം 2021 ” എന്ന പേരിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽകരണ വാരാചരണ പരിപാടികളുടെ സമാപന സമ്മേളനവും സംസ്ഥാന തല വെബിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള ബോധവൽക്കരണം തുടരുന്നതോടൊപ്പം ഓരോ വ്യക്തിയും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കണം.  ലഹരി വിമുക്ത കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ ലഹരി വിമോചന പുനരധിവാസ കേന്ദ്രങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതി  സാമൂഹ്യനീതി വകുപ്പ് അസി.ഡയറക്ടർ ഡോ.പ്രീതി വിൽസൺ വിശദീകരിച്ചു.  “ലഹരി വിമുക്ത കേരളം: ലഹരി വിമോചന പുനരധിവാസ കേന്ദ്രങ്ങളുടെ പങ്ക് “എന്ന വിഷയം ആസ്പദമാക്കിയുള്ള വെബിനാറിൽ  കോഴിക്കോട്  ഇംഹാൻസ് ഡയറക്ടർ ഡോ.പി.കൃഷ്ണകുമാർ മോഡറേറ്ററായിരുന്നു.  ബാംഗ്ലൂർ നിംഹാൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ.സോജൻ ആൻ്റണി, കോഴിക്കോട് ചേതന സെൻ്റർ ഫോർ ന്യൂറോ സൈക്യാട്രി  ഡയറക്ടർ ഡോ.പി.എൻ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.  കോഴിക്കോട് സുരക്ഷ ഐആർസിഎ  പ്രൊജക്റ്റ് ഡയറക്ടർ ടി. അബ്ദുൾ നാസിർ വിജയാനുഭവം പങ്കുവെച്ചു. 

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു.  വയനാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കാടതി ജഡ്ജ് എം.പി.ജയരാജ് മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.വി.ആർ.രാജേന്ദ്രൻ എസ്.എൽ.സി. കേരള ഡയറക്ടർ ഫാദർ ജിജു വർഗീസ് എന്നിവർ സംസാരിച്ചു.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാഗതവും എസ്.എൽ.സി.എ. കേരള കോഡിനേറ്റർ മാത്യു ടി.എം. നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം