മണ്ണിൽ പണിതവർ കാട്ടുകള്ളന്മാർ ! സൗജന്യം പറ്റിയവർ പരിസ്ഥിതി വാദികൾ !!

ഇപ്പോഴും കഥ അങ്ങനെ തന്നെ. വനവകുപ്പ് ഉദ്യോഗസ്ഥരും കാട്ടുകള്ളന്മാരും ചേർന്ന് തടിവെട്ടി. ലോക്ക്ഡൗൻ പോലും ബാധിക്കാതെ ഇരുനൂറോളം കിലോമീറ്റർ അകലെ എത്തിച്ചു വിറ്റ് കാശാക്കി. കാര്യം പുറത്തായപ്പോൾ കർഷകർ വച്ചു പിടിപ്പിച്ച മരം മുറിയ്ക്കാൻ കൊടുത്ത അനുമതിയുടെ മറവിലാണ് വനം കൊള്ള എന്നായി വ്യാഖ്യാനം. വനം ഭൂമിയിൽ ആണല്ലോ മരം മുറി എന്ന് ചോദിച്ചാൽ മറുപടി ഇല്ല.

എന്നും സഹിക്കാൻ വിധിക്കപ്പെട്ട ജനതയാണ് മലയോരത്ത്. 7 പതിറ്റാണ്ടായി പലരും കുത്തിനോവിച്ചു കൊണ്ടിരിക്കുന്നു. ഉണങ്ങാത്ത ആ മുറിവിൽ വനം വകുപ്പും റവന്യു വകുപ്പും മുഷ്ടി ചുരുട്ടി ഇടിക്കുന്നു. പരിസ്ഥിതിവാദികൾ മുറിവിലൊക്കെ പഴുപ്പിച്ച ഇരുമ്പ് കുത്തിയിറക്കുന്നു. ഇതാണ് മലയോര ജീവിതം.

Read also : ചന്ദനം വച്ചുപിടിപ്പിക്കാനും മുറിക്കാനും അനുവദിച്ചാൽ എന്ത്?

മലയോരമേഖലയിലേക്ക് കടന്ന് വന്നത് ആരാണ് ? അൻപതുകളിലാരംഭിച്ച പട്ടിണി മരണങ്ങളിൽ എത്രായിരങ്ങളാണ് ചത്തു തീർന്നത്. എൺപതുകളിൽ പോലും അമേരിക്കൻ മഞ്ഞ ചോളം പട്ടിണി തീർക്കാൻ വിതരണം ചെയ്തിരുന്നില്ലേ ?

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു എന്തായിരുന്നു തിരുവിതാംകൂറിലെ സ്ഥിതി ? വസൂരി, കോളറ, പട്ടിണി. ഇതിൽ നിന്നെല്ലാം എന്നു രക്ഷപ്പെടുമെന്നറിയാതെ പകച്ചു നിന്ന ഭരണാധികാരികൾക്ക് മുൻപിൽ ഉണ്ടായ ബുദ്ധിയാണ് ഗ്രോ മോർ ഫുഡ്. എന്നു വെച്ചാൽ ഏത് വിധത്തിലും ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിക്കുക. എഴുന്നേറ്റ് നിൽക്കാൻ ജീവനുള്ള വരെ പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും മലയോരങ്ങളിലേക്ക് അയച്ചു. അഞ്ചു ഏക്കർ പട്ടയവും രണ്ടായിരം രൂപയും പണി ആയുധങ്ങളും ഒരു പൊതിച്ചോറും ഒക്കെ വെച്ചു നീട്ടിയായിരുന്നു പ്രലോഭനം. കുടിയേറ്റ കൃഷിക്കാർ വെറും കയ്യുമായി വന്ന് കാട് തെളിച്ചു. പട്ടിണി കിടന്നു. കരനെല്ലും കപ്പയും കൃഷി ചെയ്തു.

വിളവെടുക്കാറായപ്പോൾ നാലിലൊന്ന് പാട്ടം വാങ്ങി കൊണ്ടുപോകാൻ വില്ലേജ് ഓഫീസർ വന്നു, പോത്തു വണ്ടിയിൽ തിരുവിതാംക്കൂറിലെത്തിച്ചു വിതരണം ചെയ്തു പട്ടിണിയകറ്റി. ഇപ്പോൾ കൃഷിക്കാർ കാട്ടുകള്ളന്മാരായി. പാട്ടം കിട്ടിയത് സൗജന്യമായി തിന്ന് ജീവൻ നിലനിർത്തിയവരുടെ പിന്മുറക്കാർ ബുദ്ധിജീവികളും പരിസ്ഥിതിവാദികളുമായി. ഇവരെ കൊണ്ട് മാത്രം തീരുന്നതല്ല കർഷക ദ്രോഹികളുടെ വർഗ്ഗങ്ങൾ.

കാട്ടുകള്ളന്മാർ, അവർക്ക് ഓശാന പാടുന്ന വനപാലകർ, സ്വന്തം നിലയിൽ നാടും കാടും പതിച്ചു പട്ടയം കൊടുക്കുന്നവർ, മുതലെടുപ്പിന് വേണ്ടി മാത്രം കളിക്കുന്ന ചില രാഷ്ട്രീയക്കാർ, അങ്ങനെ പലരും.

Read Also: കയ്യിലെ തഴമ്പായിരുന്നു പട്ടംകോളനിയിൽ 5 ഏക്കർ ഭൂമിയ്ക്ക് യോഗ്യത

അമരാവതി സമരങ്ങൾ, ചുരുളി കീരിത്തോട് വെടിവെപ്പ്. അങ്ങനെ പല പോരാട്ട ചരിത്രങ്ങളും മലയോരത്തുണ്ട്. പതിറ്റാണ്ടുകൾ നടത്തിയ പോരാട്ടത്തിന് ഒടുവിലാണ് മലയോര കൃഷിക്കാരന്റെ ഭൂമിക്ക് പട്ടയം കിട്ടിയത്. 67500 ഏക്കർ ഭൂമിയിൽ. അതിന്റെ ഇരട്ടിയോളം കുടുംബങ്ങൾക്ക്. ഇപ്പോൾ വനംവകുപ്പിന്റെ വനംകൊള്ളയുടെ മറവിൽ ആ പട്ടയത്തേയും അസ്ഥിരപ്പെടുത്താൻ പണി തുടങ്ങിയിട്ടുണ്ട്.


വീണ്ടും പട്ടയം കൊടുക്കാതിരിക്കാൻ കോടതിയിൽ കയറി മലയോര ജനതയെ ഇല്ലാതാക്കുവാനുള്ള പരിസ്ഥിതിക്കാരുടെ ശ്രമത്തെ മലയോര മേഖലയിൽ താമസിക്കുന്ന ജനത തോല്പിക്കും. കണ്ടുകൊള്ളുക.

സാമൂഹിക പ്രവർത്തകനും കർഷകനുമാണ് ലേഖകൻ.
ഫോൺ : 7559028183

Share
അഭിപ്രായം എഴുതാം