എറണാകുളം: നൂറുദിന കർമപദ്ധതി: ടൂറിസം രംഗത്ത് മുതൽക്കൂട്ടാകാൻ നാല് പദ്ധതികൾ

എറണാകുളം: ജില്ലയുടെ ടൂറിസം രംഗത്ത് മുതൽക്കൂട്ടാകുന്ന നാല് പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിക്ക് കീഴിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. ഇവയിൽ രണ്ട് പദ്ധതികളുടേത് നിർമാണ പൂർത്തീകരണ ഉദ്ഘാടനവും രണ്ട് പദ്ധതികളുടേത് നിർമാണോദ്ഘാടനവുമാണ്. ജില്ലയിൽ ആദ്യമായി ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് കീഴിൽ  നിർമാണം പൂർത്തിയാക്കിയ അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ് വളന്തകാട് ദ്വീപിലെ ടൂറിസം വികസന പദ്ധതി. 99 ലക്ഷം രൂപ ചെലവിൽ ഫ്ലോട്ടിംങ് ടൂറിസം ഫെസിലിറ്റേഷൻ സെന്റെർ, ബോട്ട് ജെട്ടി, നടപ്പാതകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഗ്രാമീണ വിനോദ സഞ്ചാര വികസനത്തിന് പദ്ധതി മുതൽക്കൂട്ടാണ്. ചെറായി ബീച്ചിൽ പൂർത്തിയാകുന്ന ഗ്രീൻ കാർപ്പെറ്റ് ടൂറിസം പദ്ധതിക്ക് കീഴിൽ ലൈഫ് ഗാർഡുകൾക്കായുള്ള നിരീക്ഷണകേന്ദ്രം, ഭിന്നശേഷിസൗഹൃദ ശൗചാലയം, സി.സി.ടി.വി ഉൾപ്പെടെയുള്ള ബീച്ച് സുരക്ഷാ ഉപകരണങ്ങൾ എന്നിവ സജ്ജമാകും. 55 ലക്ഷം രൂപ ചെലവിലുള്ള പദ്ധതിയുടെ നിർവഹണ ചുമതല കേരള ആർട്ടിസാൻസ് ആന്റ് ഡവലപ്മെന്റ് കോർപ്പറേഷനാണ്. 

തീർത്ഥാടക ടൂറിസം പദ്ധതിക്ക് കീഴിൽ പൂത്തോട്ട മഹാദേവ ക്ഷേത്രാങ്കണത്തിലെ പിൽഗ്രിം ഫെസിലിറ്റേഷൻ സെന്റെറിന്റെ നിർമാണമാണ് മറ്റൊരു പദ്ധതി. രണ്ട് കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 65 ലക്ഷം രൂപ ചെലവിൽ മലയാറ്റൂർ മണപ്പാട്ടുചിറയിൽ വിഭാവനം ചെയ്തിട്ടുള്ള കുട്ടികളുടെ പാർക്കിന്റെ നിർമാണോദ്ഘാടനവും നൂറുദിന പദ്ധതിക്ക് കീഴിൽ നടക്കുമെന്ന് എറണാകുളം ഡി.റ്റി.പി.സി സെക്രട്ടറി എസ്. വിജയകുമാർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം