പിന്‍വാതില്‍ വഴി വാക്‌സിനേഷന്‍ നല്‍കുന്നതായി പരാതി

കൊല്ലം: സ്‌പോര്‍ട്ട്‌ രജിസ്‌ട്രേഷന്റെ മറവില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ പിന്‍വാതില്‍ വഴി വാക്‌സിനേഷന്‍ നല്‍കുന്നതായി ആരോപണം . ഇതിന്റെ പാശ്ചാത്തലത്തില്‍ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും നഗരസഭയിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കാന്‍ ആരോഗ്യ സ്ഥിരം സമിതിയുടെയും സ്ഥിരം സമിതി അദ്ധ്യക്ഷരുടെയും സംയുക്ത യോഗം തീരുമാനിച്ചു. സ്‌പോട്ട്‌ വാകിസിനേഷന്റെ ടോക്കണ്‍ വിതരണം ,തിരക്ക്‌ നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, എന്നിവക്കാണ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കുന്നത്‌. സ്‌പോട്ട് രജിസ്‌ട്രേഷനുളള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എല്ലാ ഡിവിഷനുകളിലുളളവര്‍ക്കും തുല്യ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മേയര്‍ നിര്‍ദ്ദേശം നല്‍കി.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന്‌ മേയര്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളും സ്ഥിരം സമിതി അദ്ധ്യക്ഷരും ആരോപണം ഉയര്‍ത്തുകയുണ്ടായി. ഇത്തരം പരാതികള്‍ ഉണ്ടായാല്‍ തന്നെ നേരില്‍ വിളിച്ച്‌ പരാതി പറയണമെന്നും മേയര്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ ടോക്കണ്‍ വിതരണത്തി്‌ന നഗരസഭാ ജീവനക്കാരെയാണ്‌ നിയോഗിച്ചിട്ടുളളത്‌. എന്നാല്‍ ടോക്കണ്‍ അടിസ്ഥാനത്തില്‍ ആളുകളെ വാകിനേഷനായി വിളിക്കുന്നത്‌ ആരോഗ്യ വകുപ്പ്‌ ജീവനക്കാരാണ്‌. ടോക്കണ്‍ ക്രമം തെറ്റിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ ക്രമ നമ്പര്‍ അടിസ്ഥാനത്തില്‍ ആളുകളെ വിളിക്കുന്ന ചുമതല ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍മാര്‍ ഏറ്റെടുത്തേക്കും.

Share
അഭിപ്രായം എഴുതാം