കോവിഡ് വാക്‌സിൻ; ദരിദ്രരാജ്യങ്ങള്‍ക്കു വേണ്ടി അപേക്ഷിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്തിലെ വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തിനെതിരെ ലോകാരോഗ്യ സംഘടന. വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹിക അന്തരീക്ഷം തിരിച്ചെടുക്കുകയും ചെയ്യുന്നുവെന്നും എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് 25/06/21 വെളളിയാഴ്ച പറഞ്ഞു.

ആഫ്രിക്കയില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് കേസുകളുടെ എണ്ണം 40 ശതമാനം കൂടിയിട്ടുണ്ടെന്നും ഡെല്‍റ്റ വൈറസ് ആഗോള തലത്തില്‍ പടര്‍ന്നുപിടിക്കുന്നത് വളരെയധികം അപകടകാരിയാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു.

ആഗോള സമൂഹം എന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കേണ്ട ഈ സാഹചര്യത്തില്‍ നമ്മള്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മനോഭാവമാണ്. വിതരണത്തിലെ പ്രതിസന്ധികളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതിനാല്‍ വാക്‌സിന്‍ വിതരണത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം,’ അഥനോം പറഞ്ഞു.

പോളിയോ, കോളറ തുടങ്ങിയവയില്‍ ചില ദരിദ്ര രാജ്യങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്ന് ഡബ്ല്യൂ.എച്ച്.ഒ. വിദഗ്ധരില്‍ ഒരാളായ മൈക്ക് റയാന്‍ പറഞ്ഞു.

നേരത്തെ ദരിദ്രരാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കോവാക്‌സ് ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. ഇതിലൂടെ 132 രാജ്യങ്ങള്‍ക്ക് 90 മില്യണ്‍ ഡോസുകള്‍ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചതോടെ ഈ ക്യാംപെയിന്‍ പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം