തൃശ്ശൂർ: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ഡിവൈസ് ലൈബ്രറി

തൃശ്ശൂർ: ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിടുന്ന തങ്ങളുടെ  വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാകാന്‍ പുതു വഴികള്‍ തേടുകയാണ് പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്റി സ്‌കൂളിലെ അധ്യാപകരും പിടിഎയും. സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും ടാബുകളും സജ്ജമാക്കിയ ഡിവൈസ് ലൈബ്രറിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.  ഓണ്‍ലൈന്‍ പഠനത്തിന് ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ലൈബ്രറിയില്‍ നിന്ന് ഇവ സൗജന്യമായി എടുത്ത് ഉപയോഗിക്കാം. ഉപയോഗശേഷം തിരികെ നല്‍കണം.

അതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. അധ്യാപകരാണ് ഡിവൈസ് ലൈബ്രറിയിലേക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിടുന്ന 6 കുട്ടികള്‍ക്ക് ഉപയോഗത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി പാണഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ ഡിവൈസ് ലൈബ്രറിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.പി രവീന്ദ്രന്‍ നിര്‍വഹിച്ചു.  പിടിഎ പ്രസിഡന്റ് പി.വി സുദേവന്‍, വാര്‍ഡ്മെമ്പര്‍ ആനി ജോയ്, പ്രിന്‍സിപ്പല്‍ പി.കെ അനിത, ഹെഡ്മാസ്റ്റര്‍ എം.കെ സോമന്‍ എന്നിവരും പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം