“ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാള്‍ – ഭാരതീയ സംഗീതത്തിലെ സുവര്‍ണ്ണ നക്ഷത്രം”

ഭാരതീയ സംഗീതത്തിന്റെ നാള്‍വഴികളിലൂടെ നടക്കുമ്പോള്‍ കേള്‍ക്കുന്ന ആദ്യനാമമാണ് ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാളിന്റേത്. ” നാദകോകിലം” എന്നു വിശേഷിപ്പിക്കാവുന്ന വിധം പ്രതിഭാധനയായ ഈ കര്‍ണാടക സംഗീത വിദുഷി നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ് . ആ നാദമാധുരിക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

1924-ല്‍ കേരളത്തിന്റെ തെക്കേ അറ്റത്ത് പാറശ്ശാലയില്‍ ആണ് ശ്രീമതി. പൊന്നമ്മാള്‍ ജനിച്ചത്. എങ്കിലും സംഗീതത്തിലുള്ള കലാശാല പഠനത്തിനും, പിന്നീടുള്ള ജീവിതത്തിനും തെരഞ്ഞെടുത്തത് തിരുവനന്തപുരമാണ്. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയുടെ ആദ്യകാല വിദ്യാര്‍ത്ഥിനിയാകുവാന്‍ സാധിച്ചത് ഈ മഹതിയുടെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. “ചെറുപ്പത്തില്‍ തുടങ്ങിയ സംഗീതാഭ്യസനം മുതല്‍ ജീവിതാന്ത്യം വരെയുള്ള സംഗീത പരിപാടികളും, അദ്ധ്യാപനവും വരെ” ഈ മഹിളാരത്‌നം കര്‍ണാടക സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു പ്രഗത്ഭമതി ആണെന്ന് തെളിയിക്കുന്നു.

ശ്രീ എന്‍ വി നാരായണ ഭാഗവതര്‍, ശ്രീ കല്യാണ കൃഷ്ണന്‍ ഭാഗവതര്‍ തുടങ്ങി പ്രഗത്ഭരായ നിരവധി സംഗീത ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിക്കുവാന്‍ ചെറുപ്പത്തില്‍ തന്നെ ഭാഗ്യം ലഭിച്ചു. “ഗായിക” കോഴ്‌സ് പഠനത്തിനുശേഷം 1952 -ല്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംഗീത അധ്യാപികയായി. പിന്നീട് തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത അക്കാദമി, തൃപ്പൂണിത്തുറ ആര്‍. ല്‍. വി. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയും, പ്രിന്‍സിപ്പാളുമായി. സംഗീത അക്കാദമിയിലെ ആദ്യ വനിതാ അദ്ധ്യാപികയും പ്രിന്‍സിപ്പാളും ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാളാണ്.

16- വയസ്സിലാണ് ആദ്യമായി ആകാശവാണി പരിപാടി അവതരിപ്പിച്ചത്. തൃശ്ശിനാപ്പിള്ളി ആകാശവാണി നിലയത്തിലായിരുന്നു ആ പരിപാടി നടത്തിയത്. സിലോണ്‍, തിരുവനന്തപുരം, കൊല്ലം തുടങ്ങി കേരളത്തിനകത്തും പുറത്തും നിരവധി സംഗീതക്കച്ചേരികള്‍ അവതരിപ്പിക്കുവാന്‍ അവസരമുണ്ടായി. ആകാശവാണി കലാകാരന്മാര്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ പക്കമേളം വായിച്ചു.

24- വയസ്സിലായിരുന്നു ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാള്‍ വിവാഹിതയായത്. സംഗീത തല്‍പരനായ ഒരു ജീവിതപങ്കാളിയെ ലഭിച്ചതും ഈ സംഗീതരത്‌നത്തിന്റെ മഹാഭാഗ്യം ആയിരുന്നു. ഭര്‍ത്താവും സ്വന്തം പിതാവും ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാളിന്റെ സംഗീത സപര്യക്ക് ഏറെ പിന്തുണ നല്‍കുകയുണ്ടായി.

സംഗീത അക്കാദമിയില്‍ സിലബസ് പരിഷ്‌കരണം, കോഴ്‌സുകളുടെ പരിഷ്‌കരണം, എന്നിവയിലെല്ലാം ഈ മഹതിക്ക് നിസ്തുലമായ പങ്കു വയ്ക്കുവാന്‍ സാധിച്ചു.
സംഗീത ഗുരുവായിരുന്ന ശ്രീ എന്‍. മുത്തയ്യ ഭാഗവതരുടെ അനുഗ്രഹം എപ്പോഴും തന്നോടൊത്ത് ഉണ്ടെന്ന് ശ്രീമതി പൊന്നമ്മാള്‍ വിശ്വസിച്ചിരുന്നു.ശ്രീ ശെമ്മാങ്കുടി ശ്രീനിവാസയ്യരില്‍ നിന്നും സംഗീത പാഠങ്ങള്‍ പഠിക്കുവാനും ഈ വിദുഷിക്കു ഭാഗ്യമുണ്ടായി.

സ്വന്തം ജീവിതത്തിലൂടെ വനിതാ നവോത്ഥാനത്തിനു കാരണമാകുകയായിരുന്നു ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാള്‍! തിരുവനന്തപുരം നവരാത്രി മണ്ഡപത്തില്‍ 127 വര്‍ഷം പുരുഷന്മാര്‍ മാത്രം സംഗീതസദസ്സുകള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ അതിനുശേഷം ഒരു വനിതയ്ക്ക് അവിടെ ആദ്യമായി സംഗീതസദസ്സ് അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചത് ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാളിനാണെന്നുള്ളത് പ്രശംസനീയമായ കാര്യമാണ്.

പേരുപോലെതന്നെ പൊന്നുപോലെയുള്ള സ്വഭാവ വിശേഷണങ്ങള്‍ക്കും, സംഗീത അവഗാഹത്തിനും ഉടമയായിരുന്നു ഈ ഗായികാരത്‌നം! മിക്ക കലാകാരന്മാര്‍ക്കും, കലാകാരികള്‍ക്കും വളരെ ചെറുപ്പത്തില്‍ തന്നെ ബഹുമതികള്‍ ലഭിക്കുമ്പോള്‍ ശ്രീമതി. പൊന്നമ്മാളിന് വളരെ വൈകിയാണ് പുരസ്‌കാരങ്ങള്‍ ലഭ്യമായത്. 2017 ല്‍ രാജ്യം “പത്മശ്രീ” നല്‍കി ഈ സംഗീതകലാ പ്രതിഭയെ ആദരിച്ചിട്ടുണ്ട്. “ചൗക്ക കാലത്തില്‍” പാടുന്നതില്‍ വളരെ പ്രാഗത്ഭ്യം ശ്രീമതി പൊന്നമ്മാളിനുണ്ടായിരുന്നു. “ശ്രീ ഗുരുവായൂരപ്പന്‍ പുരസ്‌കാരം(2009)”, ” എം ജി രാധാകൃഷ്ണന്‍ ലൈഫ് ലോങ്ങ് അച്ചീവ്‌മെന്റ് അവാര്‍ഡ്(2016)”, ” കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (2009)”, സര്‍ക്കാരിന്റെ “നിശാഗന്ധി”പുരസ്‌കാരം എന്നിവയും, മറ്റനേകം പുരസ്‌കാരങ്ങളും ഈ മഹാ സംഗീതജ്ഞക്കു ലഭിച്ചു. ശ്രീമതി പൊന്നമ്മാള്‍, ധാരാളം ശിഷ്യസമ്പത്തിനുടമയായിരുന്നു. എന്‍. ജെ. നന്ദിനി, ശ്രീ. എം. ജി. രാധാകൃഷ്ണന്‍, ഡോ. കെ. ഓമനക്കുട്ടി, ശ്രീജ നെയ്യാറ്റിന്‍കര വാസുദേവന്‍ എന്നിവര്‍ ശിഷ്യരില്‍ പ്രമുഖരായ ചിലര്‍ മാത്രമാണ്.

വൈകി മാത്രം എത്തിയിരുന്ന പദവികള്‍ക്കപ്പുറം, സംഗീതത്തെ ആത്മാര്‍പ്പണം കൊണ്ട് സ്വാംശീകരിച്ചതിനാല്‍, കേരളത്തിന്റെയെന്നു മാത്രമല്ല ഭാരതത്തിന്റെ തന്നെ സംഗീതത്തെ, സംസ്‌കാരത്തെ വാനോളമുയര്‍ത്തിയ സംഗീത ദര്‍പ്പണമാണ് ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാള്‍! ആ ” സംഗീത കലാതിലകത്തിനു” കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം!

തയ്യാറാക്കിയത് : ഡോ. എല്‍. ശ്രീരഞ്ജിനി, മാന്നാര്‍

Share
അഭിപ്രായം എഴുതാം