18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് 21/06/21 തിങ്കളാഴ്ച തുടക്കമാകും

ന്യൂഡല്‍ഹി: 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് 21/06/21 തിങ്കളാഴ്ച തുടക്കമാകും. 18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ജൂണ്‍ 7ാം തിയ്യതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ നേരിട്ട് വാങ്ങേണ്ടതില്ല. വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും സൗജന്യമായി നല്‍കും.

ജനുവരി 16ാം തിയ്യതിയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സന്‍ വിതരണം ആരംഭിച്ചത്. കമ്പനികളില്‍ നിന്ന് 100 ശതമാനം വാക്‌സിനും വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്കു നല്‍കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്.
ആദ്യം 60 വയസ്സിനു മുകളിലുളളവരെയും പിന്നീട് 45 വയസ്സിനു മുകളിലുള്ളവരെയും മുന്‍നിര പ്രവര്‍ത്തകരെയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വാങ്ങുമെന്നും ശേഷിക്കുന്നത് സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് പണം കൊടുത്ത് വാങ്ങണമെന്നും നിര്‍ദേശിച്ചു.

സംസ്ഥാനങ്ങള്‍ക്ക് അതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിലും ചെറിയ ആശുപത്രികള്‍ പ്രത്യേകിച്ച്‌ ഗ്രാമീണ മേഖലയിലുളള ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭ്യത പ്രശ്‌നമാവുകയും ചെയ്‌യ സാഹചര്യത്തില്‍ പൊതുസമൂഹവും കോടതിയും ഇടപെട്ടതോടെയാണ് കേന്ദ്രം നിര്‍ദേശങ്ങള്‍ പുനപ്പരിശോധിച്ചത്.

പുതിയ തീരുമാനമനുസരിച്ച്‌ കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഏത് സര്‍ക്കാര്‍, സ്വകാര്യ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും ആര്‍ക്കും വാക്‌സിന്‍ ലഭിക്കും. കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ വാങ്ങുന്ന പദ്ധതിയും വലിയ പരാജയമായിരുന്നു. ഇന്റര്‍നെറ്റ് ലഭ്യതയും അതുണ്ടെങ്കില്‍ തന്നെ സ്ലോട്ട് ലഭ്യമല്ലാത്തതും പ്രശ്‌നമായി മാറിയിരുന്നു.

Share
അഭിപ്രായം എഴുതാം