ആരൊക്കെ മത്സരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണെന്ന് സീതാറാം യച്ചൂരി

ന്യൂഡൽഹി: തുടര്‍ഭരണത്തിനായി വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമാണെന്നും വിജയാശംസകള്‍ ചേരുന്നുവെന്നും സീതാറാം യെച്ചൂരി 20/05/21 വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്തെത്തിയ വേളയിലാണ് പ്രതികരണം.

ആരൊക്കെ മത്സരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണെന്നും യച്ചൂരി പറഞ്ഞു.

‘ഒരിക്കല്‍ കൂടി ഇടതു സര്‍ക്കാരിനെ തെരഞ്ഞെടുത്ത കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നു. തരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു കേരളത്തിലെ ജനങ്ങള്‍ ചരിത്രം സൃഷ്ടിക്കുമെന്ന്. അത് സംഭവിച്ചു. ഇത് വലിയ ആഘോഷിക്കേണ്ട നിമിഷമാണ്. എന്നാല്‍ ഒരു രാജ്യം ഒരു വലിയ വിപത്തിനെ നേരിടുന്ന സാഹചര്യമാണ്. സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വലിയ ഉത്തരവാദിത്തമാണ് സര്‍ക്കാരിന് നിറവേറ്റാനുള്ളത്. എല്ലാ വിജയാശംസകളും നേരുന്നു.’ സീതാറാം യെച്ചൂരി പറഞ്ഞു.

രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് യുവത്വത്തിന് പ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. കെകെ ശൈലജയെ ഒഴിവാക്കിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

മന്ത്രിസഭാ രൂപീകരണത്തില്‍ ബംഗാളിലെ അടക്കം കേന്ദ്ര കമ്മിറ്റി ഇടപെടാറില്ലെന്നും യച്ചൂരി കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം