പാലക്കാട്: ആയിരം കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുയൂവാക്കള്‍ പിടിയിലായി. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ ഫായിസ്, ബാദുഷ, കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. ലോറിയുടെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. 100 കോടി രൂപയുടെ കഞ്ചാവാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്നും കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്നും എക്‌സൈസ് അറിയിച്ചു. ആന്ധ്ര പ്രദേശില്‍ നിന്നാണിവര്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ചത്..രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാവുന്നത്.
പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അസി.എക്‌സൈസ് കമ്മീഷണര്‍ എ.രമേശിന്റെ നേതൃത്വത്തിലുളള എഇസി സ്‌ക്വാഡും പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. പ്രതികള്‍ സഥിരമായി കഞ്ചാവും മയക്കുമരുന്നുകളും വന്‍തോതില്‍ കേരളത്തിലേക്ക് കടത്തി രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് വില്‍ക്കുകയായിരുന്നുവെന്നും കഞ്ചാവ് സംഘത്തില്‍ കൂടുതല്‍ ആളുകൾ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നും സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പികെ സതീഷ് അറിയിച്ചു.