സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഒട്ടിച്ചില്ല , നോട്ടീസുകൾ ഉപേക്ഷിച്ചു, വട്ടിയൂർകാവിൽ ഗൂഢാലോചന സംശയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂർകാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി 13/04/21 ചൊവ്വാഴ്ച രാമചന്ദ്രന്‍ പറഞ്ഞു.

‘വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഞങ്ങളെല്ലാവരും ഇവിടെ പ്രവര്‍ത്തിച്ച ആളുകളാണ്. അന്ന് തന്നെ ചില നേതാക്കളുടെ ഭാഗത്ത് നിന്നും കൃത്യവിലോപം നടന്നെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അത് അന്വേഷണ വിധേയമാക്കിയിട്ടില്ല. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന ശിക്ഷ നല്‍കും.’ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പണം കിട്ടിയാല്‍ മാത്രമെ പോസ്റ്ററുകള്‍ ഒട്ടിക്കൂവെന്ന് പറഞ്ഞാല്‍ അത് രാഷ്ട്രീയശൈലിക്ക് ചേരുന്നതല്ല, അങ്ങനെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുമെന്ന് താന്‍ വിശ്വസിക്കില്ലെന്നും തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം