ട്രംപ് വിലക്കിയ എന്‍ഗോസിയെ ബൈഡന്‍ പിന്തുണച്ചു: ഡബ്ല്യു.ടി.ഒയ്ക്ക് ആദ്യ വനിതാമേധാവിയായി

ജനീവ: ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ)യുടെ ആദ്യ വനിതാമേധാവിയായി എന്‍ഗോസി ഒകോഞ്ചോ ഇവേല (നൈജീരിയ) നിയമിതയായി. എന്‍ഗോസിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ നവംബറില്‍ത്തന്നെ ധാരണയായിരുന്നെങ്കിലും ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ്. ഭരണകൂടം അതിനു തടയിടുകയായിരുന്നു. എന്നാല്‍, പുതിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ എന്‍ഗോസിയെ പിന്തുണച്ചു. ഇതോടെ അവരെ എതിര്‍ത്തിരുന്ന ഉത്തരകൊറിയയും പിന്‍വാങ്ങി. ആഫ്രിക്കയില്‍നിന്നു ഡബ്ല്യു.ടി.ഒ. ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തുന്ന ആദ്യത്തെയാളുമാണ് എന്‍ഗോസി (66). സംഘടനയുടെ വെര്‍ച്വല്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.164 അംഗരാജ്യങ്ങളുള്ള സംഘടനയില്‍ സമവായത്തിലൂടെയാണു ഡയറക്ടര്‍ ജനറലിനെ തെരഞ്ഞെടുക്കാറുള്ളത്. എന്‍ഗോസി ഡബ്ല്യു.ടി.ഒയുടെ സാരഥ്യമേറ്റെടുക്കുന്നത്. മാര്‍ച്ച് ഒന്നിനു ചുമതലയേല്‍ക്കുന്ന അവര്‍ക്ക് 2025 ഓഗസ്റ്റ് 31 വരെ പദവിയില്‍ തുടരാം. 1995ല്‍ രൂപീകൃതമായ ഡബ്ല്യു.ടി.ഒയുടെ ഏഴാം ഡയറക്ടര്‍ ജനറലാണ് എന്‍ഗോസി

Share
അഭിപ്രായം എഴുതാം