ഇന്ത്യയില്‍ സ്പൂടിനിക്കിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണം മെയില്‍ പൂര്‍ത്തിയാകുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്

ന്യൂഡല്‍ഹി: റഷ്യന്‍ കോവിഡ് -19 വാക്‌സിന്‍ കാന്‍ഡിഡേറ്റ് സ്പുട്നികിന്റെ മൂന്നാം ഘട്ട പരീക്ഷണം ഏപ്രില്‍-മെയ് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ എറസ് ഇസ്രായേലി അറിയിച്ചു.വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 17 നാണ് സ്പുട്‌നിക് 5ന് ഇന്ത്യയില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയത്.

വാക്സീന്റെ വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ ആദ്യം പ്രഖ്യാപിച്ചെങ്കിലും ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നില്ല.പുതിയ കരാര്‍ പ്രകാരം 1500 പേര്‍ പങ്കെടുക്കുന്ന രണ്ടും മൂന്നാംഘട്ട മനുഷ്യ പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടത്തുകയെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(ആര്‍ഡിഐഎഫ് )പറഞ്ഞു. ഡോ. റെഡ്ഡീസ് ആണു രാജ്യത്തു ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതും വിജയകരമായാല്‍ വാക്‌സീന്‍ വിതരണം ചെയ്യുന്നതും. ഡോ. റെഡ്ഡീസിന് 100 ദശലക്ഷം (10 കോടി) ഡോസുകളാണ് ആര്‍ഡിഐഎഫ് നല്‍കുക. വാക്സീനു റെഗുലേറ്ററി അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമാണു റഷ്യ.

300 ദശലക്ഷം ഡോസ് നിര്‍മിക്കാന്‍ ആര്‍ഡിഐഎഫ് ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ധാരണയായിട്ടുണ്ട്. 40,000 പേര്‍ പങ്കെടുക്കുന്ന മൂന്നാം ഘട്ട പരീക്ഷണം മോസ്‌കോയില്‍ നടക്കുകയാണ്. റഷ്യയില്‍ 16,000 പേര്‍ക്ക് ഇതിനകം രണ്ടു തവണ വീതം വാക്‌സീന്‍ നല്‍കി. ഇടക്കാല ഫലങ്ങള്‍ നവംബര്‍ ആദ്യം പ്രസിദ്ധീകരിക്കുമെന്നാണു പ്രതീക്ഷ. മോസ്‌കോയിലെ പരീക്ഷണത്തിന്റേതായി ആഴ്ചതോറും റഷ്യ നല്‍കുന്ന ഡേറ്റയും ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ സമ്മതിച്ചതായാണ് വിവരം

Share
അഭിപ്രായം എഴുതാം